ചാരക്കേസ് ഗൂഢാലോചന; പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സിബിഐ കോടതിയിൽ

By Web TeamFirst Published Jul 16, 2021, 12:45 PM IST
Highlights

ചോദ്യം ചെയ്യാൻ അറസ്റ്റ് ആവശ്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് മറുപടി. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിലെ വാദത്തിനിടെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന്  സിബിഐ കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യാൻ അറസ്റ്റ് ആവശ്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് മറുപടി. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിലെ വാദത്തിനിടെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്.

ചാരക്കേസിന്റെ മുൻകാല കേസ് ഡയറികളും ജയിൻ കമ്മറ്റി റിപോർട്ടും സിബിഐ കോടതിയിൽ ഹാജരാക്കി.  രേഖകൾ മുദ്രവെച്ച കവറിൽ നൽകുകയായിരുന്നു. രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. 

ചാരക്കേസിൽ നമ്പിനാരായണനെ കുരുക്കാൻ പൊലീസ് -ഐബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബിമാത്യൂസ്. ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുൻകൂർജാമ്യ ഹർജിയിൽ പറയുന്നത്. വിദേശവനിതകളും നമ്പിനാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു. ചാരക്കേസിൽ പ്രതികളുടെ അറസ്റ്റിന്റെ പൂർണ ഉത്തരവാദിത്തം ഐബി ഉദ്യോഗസ്ഥരുടെ മേൽചാരിയാണ് സിബിമാത്യൂസിൻറെ ജാമ്യ ഹർജി. 

ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതാകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദിയുടെ പങ്കിനെ കുറിച്ച്  ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ആർ.ബി.ശ്രീകുമാറാണ് വിവരം നൽകിയത്.  മാലി വനിതകളുടെ മൊഴിയിൽ നിന്നും ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെററ് വർക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയിൽ നിന്നും വ്യക്തമായി. നമ്പിനാരായണൻറെ ബന്ധം മാലി സ്വദേശികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നു. നമ്പിനാരായണനെയും അന്നത്തെ ഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവെയും അറസ്റ്റ് ചെയ്യാൻ ഐബി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്  എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പിരാനായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പക്ഷെ കേസ് ഏറ്റെടുത്ത സിബിഐ പലകാര്യങ്ങളും മറച്ചുവച്ചു. മറിയം റഷീദിയും ഫൗസിയുമായി ആർമ്മി ക്ലബിൽ പോയ ഉദ്യോഗസ്ഥൻറെ കാര്യം സിബിഐ  കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ആർമിക്ലബില്‍ പോയ സ്ക്വാഡ്രൻറ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സൻ തിരിച്ചറിഞ്ഞതാണെന്നും സിബിമാത്യൂസ് ജാമ്യ ഹർജിയിൽ പറയുന്നു. 

Read Also: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരയണൻ ഭൂമി വിറ്റെന്ന് എസ്.വിജയൻ കോടതിയിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!