
തിരുവനന്തപുരം: ആദ്യ കോവിഡ് )covid)കേസ് സ്ഥിരീകരിച്ചു 2 വർഷം പൂർത്തിയാകുമ്പോഴും കേരളത്തിൽ ആശങ്ക ഒഴിയുന്നില്ല. ആദ്യ ഘട്ടത്തിൽ ആഗോള പ്രശംസ നേടിയ കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഇപ്പോൾ വലിയ വെല്ലുവിളി ആണ് നേരിടുന്നത്. മരണക്കണക്കുകൾ ഒളിപ്പിച്ചെന്ന വിവാദത്തിനൊപ്പം , പതിനായിരത്തോളം അപേക്ഷകൾ ഇനിയും പട്ടികയിൽപ്പെടാൻ കാത്തിരിക്കുന്നു. ആശങ്കക്കിടയിലും ഉയർന്ന വാക്സിൻ(vaccine) നിരക്കാണ് ആശ്വാസം നൽകുന്നത്
ആദ്യം പേടിച്ചടച്ചുപൂട്ടി, പിന്നെ വാക്സിൻ കുത്തി പ്രതിരോധിച്ച്, ഇപ്പോൾ കൂടെയുണ്ടന്നറിഞ്ഞ് കണ്ടഭാവം നടിക്കാതെ കൊവിഡിനൊപ്പം. മഹാമാരിക്കൊപ്പം കേരളം ജീവിച്ച് രണ്ട് വർഷം. 2020 ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയിൽ കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യയിൽ തന്നെ ആദ്യ കേസ്. ആദ്യതരംഗം ശക്തമാകും മുൻപേ ഫ്ലാറ്റൻ ദി കർവ് എന്നു പ്രഖ്യാപിച്ച് മറ്റെല്ലാർക്കും മുന്നേ കോട്ടകെട്ടി പ്രതിരോധം പ്രഖ്യാപിച്ചു കേരളം. മാർച്ച് 23ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. ലോക്ക്ഡൗണിട്ടും, സമൂഹ അടുക്കളകൾ തുറന്നും, മുക്കിലും മൂലയിലും പ്രതിരോധ സേനകൾ സജീവമായും കോവിഡിനെതിരായ യുദ്ധം. മാർച്ച് 28ന് ആദ്യമരണം. കേരളത്തിന്റെ കൊവിഡ് പ്രതിരോധം അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതായി സർക്കാർ അവകാശപ്പെട്ടു. യു.എൻ വേദികളിൽ വരെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യം.
ഫ്ലാറ്റൻ ദി കർവ് അഥവാ കൊവിഡ് കേസുകളുടെ കുന്നിനെ നിരപ്പാക്കുമെന്ന പ്രഖ്യാപനത്തെ വെല്ലുവിളിച്ച്, മറ്റു സംസ്ഥാനങ്ങളിലെല്ലാം കേസുകൾ കുറഞ്ഞപ്പോഴും കേരളത്തിൽ കേസുകൾ ഫ്ലാറ്റായതേയില്ല. ഒന്നാംതരംഗം തീരും മുൻപ് രണ്ടാംതരംഗം. നടുനിവരും മുൻപ് മൂന്നാംതരംഗം. പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിച്ച രണ്ടാംതരംഗത്തിലാണ് കേരളമുലഞ്ഞത്. മരണനിരക്ക് കൂടി. പ്രതിദിന കേസുകൾ 43,000, പ്രതിദിന മരണം 200ഉം കടന്നു. കൊവിഡ് മരണപ്പട്ടികയിലുൾപ്പെടുത്താതെ കേരളമൊളിപ്പിച്ച മരണങ്ങൾ വിവാദമായി. മരണം കണക്കാക്കുന്ന രീതിതന്നെ മാറ്റി. ഏഴായിരം മരണം പിന്നീട് പുറത്തുവിടുമെന്ന് സർക്കാർ സമ്മതിച്ചു. പഴയ മരണം കൂട്ടത്തോടെ പുറത്തുവന്നപ്പോൾ ഇന്ന് 53,000 കടന്ന് മരണക്കണക്കിൽ രാജ്യത്ത് തന്നെ രണ്ടാമത് നിൽക്കുകയാണ് കേരളം. ഇതാണ് മൂന്നാംതരംഗത്തിലും സർക്കാർ പ്രതിരോധത്തിന് മേൽ കരിനിഴലായി നിൽക്കുന്നത്.
എല്ലാ മുൻകണക്കുകളെയും വെട്ടി മൂന്നാംതരംഗം കൊടുമുടി കയറാനിരിക്കെയാണ് കേരളത്തിന്റെ കൊവിഡ് പോരാട്ടം 2 വർഷം പൂർത്തിയാവുന്നത്. ഇന്ന് മൊത്തം രോഗികളായവർ 58 ലക്ഷത്തിന് മുകളിൽ. മരണം 53,191. മരണ നിരക്ക് 0.95 ശതമാനം. ഇതുവരെ നാലുകോടി മുപ്പത്തിമൂന്ന് ലക്ഷം പരിശോധനകൾ നടത്തി. ആശ്വാസമായി നിൽക്കുന്നത് വാക്സിൻ വഴി ലഭിച്ച പ്രതിരോധവും, മരണം കുറഞ്ഞതുമാണ്. ക്വറന്റീൻ, ചികിത്സ, പരിശോധന എല്ലാ മുന്നനുഭവങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ട് അടിമുടി മാറി കോവിഡിനൊപ്പം നീങ്ങുകയാണ് നാം.
പൊതുജനാരോഗ്യ സംംവിധാനം ശക്തമായ കേരളത്തിൽ ചികിത്സ കിട്ടാതെ പരക്കംപായേണ്ടി വന്നില്ലെന്നത് വലിയ നേട്ടം തന്നെ. അപ്പോഴും, ഇന്നും പതിനായിരത്തോളം അപ്പീൽ അപേക്ഷകൾ കേരളത്തിന്റെ കൊവിഡ് മരണപ്പട്ടികയിലുൾപ്പെട്ടു ധനസഹായം കിട്ടാൻ കാത്തുകിടക്കുന്നതാണ് പ്രധാന പ്രശ്‍നം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam