വര്‍ക്ക് ഫ്രം ഹോമിലേക്ക് സ്ഥിരമായി മാറാനൊരുങ്ങി ഐടി മേഖല; അനുബന്ധ മേഖലയില്‍ വ്യാപക തൊഴില്‍ നഷ്ടം

By Web TeamFirst Published Oct 8, 2021, 9:10 AM IST
Highlights

ഓഫീസ് വാടക, വൈദ്യുതി, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ ഭീമമായ തുകയാണ് ഓരോ മാസവും സ്ഥാപനങ്ങള്‍ ലാഭിക്കാനാകുന്നത്.

തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ തുറക്കുമ്പോഴും ഐടി മേഖല (it sector) വീടുകളിലേക്ക് തന്നെ ചുരുങ്ങി. അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനാണ് കമ്പനികൾ വർക്ക് അറ്റ് ഹോം (work at home) തുടരുന്നത്. ടെക്കികൾ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, അനുബന്ധ മേഖലയിലെ പതിനായിരക്കണക്കിന് പേർക്ക് തൊഴിലില്ലാതായി. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഐടി അറ്റ് ഹോം കുതിപ്പും കിതപ്പും തുടങ്ങുന്നു.

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ കാർ കഴുകലായിരുന്നു കഴക്കൂട്ടം സ്വദേശികളായ ബിന്ദുവിന്റെയും സിന്ധുവിൻ്റെയും ജോലി. 15 വര്‍ഷമായി ഈ തൊഴിലായിരുന്നു ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുൻപ് ദിവസനേ 40 ലധികം കാറുകള്‍ വൃത്തിയാക്കി മാസം തോറും പതിനായിരം രൂപ സമ്പാദിച്ചിരുന്നു. കൊവിഡ് തീര്‍ന്ന് നിയന്ത്രണങ്ങളെല്ലാം മാറിയതറിഞ്ഞ് ഇവർ ടെക്നോപാര്‍ക്കിലെത്തിയതാണ്. പക്ഷേ ഇവിടെ ആരുമില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് പോയ ജീവനക്കാര്‍ ഉപേക്ഷിച്ച് പോയ വാഹനങ്ങള്‍ സ്ഥിരം കാഴ്ചയാണ് നമ്മുടെ ഐടി പാര്‍ക്കുകളില്‍. ഇനി ഓഫീസിലേക്ക് വരേണ്ടെന്ന് പറഞ്ഞതോടെ വാഹനങ്ങള്‍ക്ക് അവകാശികളില്ലാതായി. നമ്മുടെ ഐടി കമ്പനികളിൽ 80 ശതമാനവും ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് മൂന്ന് ഐടി പാര്‍ക്കുകളിലായി 1100 സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ 880 സ്ഥാപനങ്ങളും ആളുകളെ തിരിച്ച് വന്നിട്ടില്ല.

ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരില്‍ ഒരു ലക്ഷത്തി നാലായിരും പേരും ഓഫീസിലേക്ക് ഇനി സ്ഥിരമായി വരുന്നില്ല. ഓഫീസ് വാടക, വൈദ്യുതി, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ ഭീമമായ തുകയാണ് ഓരോ മാസവും സ്ഥാപനങ്ങള്‍ ലാഭിക്കാനാകുന്നത്. വര്‍ക്ക് ഫ്രം ഹോം നല്ലതായിരിക്കാം പക്ഷേ അതിനെ ആശ്രയിച്ച് നിന്നവര്‍ എവിടെ പോകും എന്നതാണ് വാര്‍ത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്നത്.

click me!