'പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു'; ജേക്കബ് തോമസ്

By Web TeamFirst Published Aug 1, 2019, 6:14 PM IST
Highlights

ജയ് ശ്രീറാം വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ്.

തൃശ്ശൂര്‍: പൂർവാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ജേക്കബ് തോമസ് ഐപിഎസ്. 'ജയ് ശ്രീറാം' വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശ്ശൂരില്‍ നടന്ന രാമായണ ഫെസ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജേക്കബ് തോമസിന്‍റെ വാക്കുകള്‍ ഇങ്ങനെ: ''ശ്രീരാമന്‍ നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ? പൂർവ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു.''

'ജയ് ശ്രീറാം’ വിളി പോര്‍വിളിയായെന്ന പരാതിയുമായി 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരിലുള്ള വിവാദം കത്തിനില്‍ക്കുമ്പോഴാണ് ജേക്കബ് തോമസിന്‍റെ ജയ് ശ്രീറാം പരാമര്‍ശം. ‘ജയ് ശ്രീറാം’ വിളി കൊലവിളിയായി മാറിയെന്നും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ‘ജയ് ശ്രീറാം’ വിളി കേള്‍ക്കേണ്ട എങ്കില്‍ പേരുമാറ്റി അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

click me!