സമ്മർദ്ദം ശക്തമാക്കി ഓർത്തഡോക്സ് സഭ; പള്ളിയിൽ കയറുന്നത് തടഞ്ഞ് യാക്കോബായക്കാർ

By Web TeamFirst Published Mar 20, 2019, 1:12 PM IST
Highlights

കായംകുളം കട്ടച്ചിറപള്ളിയിലും ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധം ഉണ്ടായി. പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ വൈദികരുടെ നേതൃത്വത്തിലുള്ള സംഘം യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ സ്ഥാപിച്ച  കൊടി കത്തിച്ചു.

കൊച്ചി: പള്ളിത്തർക്കത്തിൽ സർക്കാറിനെതിരെ സമ്മർദ്ദം ശക്തമാക്കി ഓർത്തഡോക്സ് സഭ. കായംകുളം കട്ടച്ചിറ പള്ളിയിലും  കോതമംഗലം നാഗഞ്ചേരി പള്ളിയിലും പ്രവേശിക്കാനുള്ള   ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമം  യാക്കോബായ വിഭാഗം തടഞ്ഞു. സർക്കാർ വിളിച്ച  ചർച്ചകളിൽ നിന്ന് പിൻമാറിയതിന് പിന്നാലെയാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ   പുതിയ  നീക്കം.

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ താൽപ്പര്യം കാണിക്കുന്നില്ലെന്ന് ഓർത്തഡോക്സ് വിഭാഗത്തിന് പരാതിയുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പ്രതിഷേധ സൂചകമായി വിട്ട് നിന്നു. തൊട്ട് പിറകെയാണ് കട്ടച്ചിറ പള്ളിയിലും നാഗഞ്ചേരി പള്ളിയിലും അവകാശം ഉന്നയിച്ച്  പ്രവേശിക്കാൻ ശ്രമിച്ചത്. 

ഫാ. കുര്യാക്കോസ് മാത്യൂസിന്‍റെ നേതൃത്വത്തിൽ പതിനെട്ടംഗ ഓർത്തഡോക്സ് സംഘമാണ് രാവിലെ കോതമംഗലം  നാഗഞ്ചേരി പള്ളിയിലെത്തിയത്. നിലവിൽ യാക്കോബായ കൈവശം വെച്ചിരിക്കുന്ന പള്ളിയിൽ  1934ലെ ഭരണ ഘടനയനുസരിച്ച്  നിയമിതനായ വികാരിക്കാണ് ഭരണച്ചുമതല. കോടതി ഉത്തരവ് പ്രകാരമുള്ള  ഈ അവകാശം തങ്ങൾക്ക് വിട്ട് കിട്ടണമെന്നാണ് ആവശ്യം. എന്നാൽ  യാക്കോബായ വിഭാഗം സംഘടിച്ച് വികാരി അടക്കമുള്ളവരെ പള്ളിക്ക് മുന്നിൽ തടയുകയായിരുന്നു. 

ഇതേമയം തന്നെ കായംകുളം കട്ടച്ചിറപള്ളിയിലും ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധം ഉണ്ടായി. പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ വൈദികരുടെ നേതൃത്വത്തിലുള്ള സംഘം യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ സ്ഥാപിച്ച  കൊടി കത്തിച്ചു. സംഭവമറിഞ്ഞ് യാക്കോബായ വിഭാഗവും പള്ളിക്ക് മുന്നിൽ സംഘടിച്ചിട്ടുണ്ട്. വൻ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സഭാ വിഷയം സജീവമാക്കുകയാണ് ഓർത്തഡോക്സ് വിഭാഗം. ഇത് സർക്കാറിനും തലവേദനയാകും.

click me!