
കോഴിക്കോട്: ആർഎസ്എസുമായി ചര്‍ച്ച നടത്തിയെന്ന പേരില്‍ സംഘടനയ്ക്കെതിരെ നടക്കുന്ന പ്രചാരണം സിപിഎം തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന് ജമാ അത്തെ ഇസ്ളാമി. ഇസ്ളാമോഫോബിയ സൃഷ്ടിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. 14 മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയുടെ ഭാഗമായാണ് ജമാ അത്തെ ഇസ്ളാമി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം പുറത്തുവിടണമെന്നും ജമാ അത്തെ ഇസ്ളാമി ആവശ്യപ്പെട്ടു.
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്‍വൈ ഖുറേഷി ഉള്‍പ്പെടെയുളളവരുടെ മുന്‍കൈയില്‍ ആര്‍എസ്എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്ളാമി അടക്കമുളള സംഘടനകള്‍ ദില്ലിയില്‍ നടത്തിയ ചര്‍ച്ചയെച്ചൊല്ലി വലിയ വിവാദം ഉയര്‍ന്നതോടെയാണ് സംഘടനയുടെ നിലപാട് വിശദീകരിക്കാന്‍ ജമാ അത്ത് നേതൃത്വം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത്. ആര്‍എസ്എസുമായി ജമാ അത്തെ ഇസ്ളാമി രഹസ്യ ചര്‍ച്ചയോ ഒറ്റയ്ക്കുളള ചര്‍ച്ചയോ അല്ല നടത്തിയത്. ജംഇയത്തുൽ ഉലമായേ ഹിന്ദ് അടക്കമുളള സംഘടനകള്‍ക്കൊപ്പമാണ് ആര്‍എസ്എസുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ സിപിഎം തിരക്കഥയനുസരിച്ചുളള പ്രചാരണമാണ് നടക്കുന്നത് .
അതേസമയം, ഈ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ഉന്നയിച്ച വിമർശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും ജമാ അത്തെ ഇസ്ളാമി വ്യക്തമാക്കി.ആര്‍എസ്എസിനെതിരായ ജാഗ്രതയുടെ ഭാഗമാണ് ഈ വിമര്‍ശനം. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം വിഭാഗക്കാര്‍ നേരിടുന്ന വിവധ പ്രശ്നങ്ങള്‍ ആര്‍എസ്എസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞു. എന്നാല്‍ തുടര്‍ ചര്‍ച്ചകല്‍ ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ദില്ലിയില്‍ ആര്‍എസ്എസ് പ്രതിനിധികളുമായി മുസ്ലീം സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ ജമാ അത്തെ ഇസ്ളാമിയെ പ്രതിനിധികരിച്ച് ദേശീയ സെക്രട്ടറി മലിക് മഅത്തസിം ഖാനായിരുന്നു പങ്കെടുത്തത്.