
തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ കുറവിനെ തുടർന്നാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഓണത്തിന് മുൻപുളള കണക്ക് പ്രകാരം 25 ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരായിരുന്നു ഈ ട്രെയിനുകളിൽ ഉണ്ടായിരുന്നത്.
എന്നാൽ സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ട്രെയിനുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബിനോയ് വിശ്വം എംപിയും നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിച്ചു. യാത്രക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിആർഎം ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഈ സാഹചര്യത്തിലാണ് പുനർവിചിന്തനത്തിന് ദക്ഷിണ റെയിൽവേ തയ്യാറായത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും റിസർവേഷൻ ഇല്ലാത്തവരെ യാത്രചെയ്യാൻ അനുവദിച്ചും യാത്രക്കാരുടെ കുറവ് പരിഹരിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ റെയിൽവെ തീരുമാനമെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam