പാർട്ടിക്കായി സ്വന്തം വീടും സ്ഥലവും നല്‍കാന്‍ തീരുമാനിച്ച് ജനാർദ്ദനൻ

By Web TeamFirst Published Jun 8, 2021, 8:06 AM IST
Highlights

ഇരുപത് ലക്ഷം രൂപ മക്കൾക്ക് നൽകണം, ബാക്കി തുക മുഴുവൻ ജനോപകരമായ കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാം. വാക്സീൻ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിന് കരുതൽ ധനമായി മാറ്റിവയ്ക്കണമെന്നും ജനാർദ്ദനൻ.

കണ്ണൂര്‍: പാർട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. ഇരുപത് ലക്ഷം രൂപ മക്കൾക്ക് നൽകണം, ബാക്കി തുക മുഴുവൻ ജനോപകരമായ കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാം. വാക്സീൻ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിന് കരുതൽ ധനമായി മാറ്റിവയ്ക്കണമെന്നും ജനാർദ്ദനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ട് ലക്ഷം രൂപയും സംഭാവന ചെയ്ത ജനാർദ്ദനെ മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്.  അഞ്ച് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ. 

വാക്സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തന്‍റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ദനന് തടസ്സമായില്ല. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നല്‍കിയത്. വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!