
"നമ്മൾ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്ത് മുന്നോട്ടുപോവുക. ഒരിക്കലും സ്വപ്നം വിട്ടുകളയരുത്. നിരുത്സാഹപ്പെടുത്താനൊക്കെ പലരും ഉണ്ടായെന്ന് വരും. അതൊന്നും കാര്യമാക്കരുത്. ഒരുപാടു പേരുടെ അധ്വാനവും ത്യാഗവുമെല്ലാം ചേർന്നതാണ് ഈ വിജയം"- കാഴ്ചയുടെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിനി ജസീല ജന്നത്ത് പി. റാങ്ക് പട്ടികയിൽ 397-ാം റാങ്ക് നേടിയാണ് ഈ മിടുക്കി തന്റെ സ്വപ്നനേട്ടം സ്വന്തമാക്കിയത്. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി മൂന്ന് തവണയാണ് ജസീല പരീക്ഷ എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി കിട്ടി. മെയിൻസ് കിട്ടിയില്ല. കഴിഞ്ഞ തവണ പ്രിലിമിനറിയും കടക്കാനായില്ല. മൂന്നാം ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്.
ആദ്യ രണ്ടു തവണ നേരിട്ട തിരിച്ചടികളിൽ തളരാതെ ലക്ഷ്യത്തിൽ നിന്നു അണുവിട മാറാതെ നടത്തിയ പരിശ്രമമാണ് ജസീലയുടെ ഈ നേട്ടത്തിന് കാരണം. സോഷ്യോളജി ആണ് ഐച്ഛിക വിഷയമായി എടുത്തത്. ഇത്തവണ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ജസീല പറയുന്നു. പക്ഷേ ഇത്ര നല്ല റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. കിട്ടാതിരിക്കാനാണ് കൂടുതൽ ചാൻസ് എന്നതിനാൽ പരീക്ഷയെഴുതുന്ന കാര്യം കൂടുതൽ പേരോടൊന്നും പറഞ്ഞിരുന്നില്ല. തനിക്ക് നല്ലൊരു സുഹൃദ് വലയമുണ്ടെന്ന് ജസീല പറയുന്നു. അവരാണ് ബലം. കഴിഞ്ഞ നാല് വർഷമായി ഇവിടെ തിരുവനന്തപുരത്തുണ്ട്. കുടുംബത്തിന്‍റെ വലിയ പിന്തുണയുമുണ്ടായിരുന്നു. ഉമ്മയ്ക്ക് തന്നെ കുറിച്ച് വലിയ പ്രതീക്ഷയാണ്. പിന്നെ അധ്യാപകർ. ഒരുപാടുപേരുടെ അധ്വാനവും ത്യാഗവുമെല്ലാം ചേർന്നതാണ് ഈ വിജയമെന്ന് ജസീല പറയുന്നു. അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാനും ക്രിയാത്മകമായി ഇടപെടാനുമായാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നതെന്നും ജസീല വിശദീകരിക്കുന്നു.
ജസീറ മൻസിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ് ജസീല. ഉപ്പ പ്രവാസിയായിരുന്നു. 2018ലാണ് മരിച്ചത്. മൂന്ന് സഹോദരിമാരുണ്ട്. ജന്മനായുള്ള കാഴ്ചപരിമിതികളെ പഠന മികവ് കൊണ്ടാണ് ജസീല നേരിട്ടത്. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയിൽ വലിയ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന് മുന്നേറാൻ ജസീലയ്ക്ക് സാധിച്ചു. സ്‌കൂൾ കാലഘട്ടം മുതൽക്കേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസീല, വില്ല്യാപ്പള്ളി സ്കൂളിൽ നിന്നും മികച്ച വിജയത്തോടെയാണ് പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കിയത്. തുടർന്ന് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷം ക്യാമ്പസ് പ്ലേസ്മെന്‍റ് കിട്ടി ഒരു എൻജിഒയിൽ എത്തി. സോഷ്യൽ വർക്കറായി ജോലി ചെയ്യുമ്പോഴാണ് തന്‍റെ മേഖല കുറച്ചു കൂടി വികസിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുത്തായാലോ എന്ന ചിന്ത വന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കാം എന്ന ചിന്ത വന്നു. സഹോദരിമാരും ഉമ്മയുമെല്ലാം അറിഞ്ഞപ്പോൾ വളരെ ആവേശത്തിലായി. 2022 മുതലാണ് സിവിൽ സർവീസിന് തയ്യാറെടുപ്പ് തുടങ്ങിയത്.
പൊതുവെ എല്ലായിടത്തും നിന്നും നല്ല പിന്തുണ ലഭിച്ചെന്ന് ജസീല പറയുന്നു. നെഗറ്റീവെന്ന് പറയാൻ പെട്ടെന്ന് ഓർമ വരുന്നത്, ഒരു ഡോക്ടർ ഒരിക്കൽ പറഞ്ഞതാണ്. പറ്റാത്ത ആഗ്രഹങ്ങൾ മനസ്സിൽ വച്ചിട്ട് പ്രതീക്ഷ കളയേണ്ട എന്ന് ഡോക്ടർ പറഞ്ഞത് ഓർമയുണ്ട്. ചിലപ്പോൾ ചില തെറ്റിദ്ധാരണകൾ തിരുത്താൻ കൂടി ചില വിജയങ്ങൾ കൊണ്ടു കഴിയുമെന്ന് ജസീല പറയുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് ജസീലയ്ക്ക് പറയാനുള്ളത്, പഠിത്തം മാത്രമായി കഴിഞ്ഞാൽ ചിലപ്പോൾ സമ്മർദം താങ്ങാനായെന്ന് വരില്ല അതിനാൽ ചില ഹോബികൾ കൂടി വേണം എന്നാണ്. താൻ പാട്ട് കേൾക്കും, ഇഷ്ടമുളള ഭക്ഷണം കഴിക്കുമ്പോൾ ഭയങ്കര ഹാപ്പിയാകുമെന്നും ജസീല പറയുന്നു. പഠനത്തിൽ മാത്രമല്ല, കലാരംഗത്തും ജസീല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, വഞ്ചിപ്പാട്ട്, നാടൻപാട്ട്, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡ് നേടിയ ജസീല, പൊതുവേദികളിലെ മികച്ച പ്രാസംഗിക കൂടിയാണ്. തയ്യാറെടുപ്പിൽ സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികൾ, വോയിസ്-ടു-ടെക്സ്റ്റ് ടൂളുകൾ, സഹപാഠികളുമായി ചേർന്നുള്ള ചർച്ചകൾ എന്നിവ പ്രയോജനപ്പെടുത്തിയതായി ജസീല പറഞ്ഞു. കാഴ്ചയിലല്ല, കാഴ്ചപ്പാടിലാണ് കാര്യം എന്ന് തെളിയിക്കുന്ന ജസീലയുടെ വിജയത്തിന് തിളക്കമേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam