
തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യത്തിനുള്ള ജയ അരി ആന്ധ്രയിൽ നിന്ന് എത്താൻ വൈകും. ഇടനിലക്കാരെ ഒഴിവാക്കി മറ്റ് അരി ഇനങ്ങളും അവശ്യ വസ്തുക്കളും അടിയന്തരമായി എത്തിക്കാൻ ആന്ധ്ര സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കടുത്ത വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനിൽ ചര്‍ച്ച നടത്തിയത്.
പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം കിലോക്ക് കൂടിയത് 25 രൂപയാണ്. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ചുരുങ്ങിയത് നാല് മാസം പിടിക്കും. അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ധാരണയായി.
രണ്ട് ലക്ഷം ഹെക്ടറിൽ കൃഷിയിറക്കാനുള്ള വിത്ത് ശേഖരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് താൽപര്യവുമുണ്ട്. പക്ഷെ എഫ്സിഐ നേരിട്ട് ജയ അരി സംഭരിക്കാത്തതാണ് കര്‍ഷര്‍ കൃഷി ഉപേക്ഷിച്ചതിന് കാരണമെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി പറഞ്ഞു. അരിവില നിയന്ത്രിക്കാൻ വിപണി ഇടപെടൽ കാര്യക്ഷമമാക്കുമെന്നും ജയ അരി ഒഴികെ അരി ഇനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ അരിവണ്ടി അടക്കം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ വിശദീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തെ അരിവില. 20 രൂപയിലേറെയാണ് ഒരു കിലോ അരിയുടെ വിലയില്‍ വന്ന വര്‍ധന. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam