
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ജയഘോഷ് ഗണ്‍മാന്‍ ആയത് ഡിജിപിയുടെ ഉത്തരവില്‍. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി സമിതിക്കാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അധികാരം. എന്നാല്‍ ജയഘോഷിന്‍റെ നിയമനം സെക്യൂരിറ്റി കമ്മിറ്റി ശുപാര്‍ശയില്ലാതെയാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ചികിത്സയിലുള്ള ജയഘോഷിനെ ആശുപത്രി വിട്ടശേഷം ചോദ്യംചെയ്യാനാണ് കസ്റ്റംസ് തീരുമാനം. ആത്മഹത്യ ശ്രമം ഇയാൾ നടത്തുന്ന നാടകമാണോയെന്ന് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇത് മുന്നിൽ കണ്ടാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും.
സ്വർണ്ണക്കടത്ത് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് ജയ് ഘോഷ് മജിസ്ടേറ്റിന് മുന്നിൽ നൽകിയ മൊഴി. സ്വർണ്ണക്കടത്തുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ പറയുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ പൊലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതോടൊപ്പം കോൺസുലേറ്റിലെ മറ്റ് സുരക്ഷാജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിനെന്നതും ചോദ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam