കൃഷ്ണൻകുട്ടിയെയും മാത്യു ടി തോമസിനെയും മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് സികെ നാണു വിഭാഗം

By Web TeamFirst Published Dec 23, 2020, 5:01 PM IST
Highlights

നാണു വിഭാഗം സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ്ജ് തോമസും വർക്കിങ് പ്രസിഡന്റ് ചന്ദ്രകുമാറുമാണ് എകെജി സെന്ററിലെത്തി കത്ത് നൽകിയത്. കൂടിക്കാഴ്ച അധികം നീണ്ടില്ല

തിരുവനന്തപുരം: ജെഡിഎസിലെ പിളർപ്പിന് പിന്നാലെ മന്ത്രി കൃഷ്ണൻകുട്ടിയെയും മാത്യു ടി തോമസ് എംഎൽഎയെയും മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് സികെ നാണു വിഭാഗം. എകെജി സെന്ററിലെത്തി എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവനെ കണ്ട ശേഷമാണ് നാണു വിഭാഗം നേതാക്കൾ പ്രതികരണം അറിയിച്ചത്. ബിജെപി അനുകൂല നിലപാട് പിന്തുടരുന്ന ജനതാദൾ പ്രതിനിധികളെ പിന്തുണക്കണോ എന്ന് എൽഡിഎഫ് കൺവീനറോട് ചോദിച്ചതായി നാണു വിഭാഗം നേതാക്കൾ ചോദിച്ചു.

നാണു വിഭാഗം സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ്ജ് തോമസും വർക്കിങ് പ്രസിഡന്റ് ചന്ദ്രകുമാറുമാണ് എകെജി സെന്ററിലെത്തി കത്ത് നൽകിയത്. കൂടിക്കാഴ്ച അധികം നീണ്ടില്ല. ഭിന്നിപ്പിനുള്ള കാരണങ്ങൾ സൃഷ്ടിക്കുന്നത് ആശയപരമായി യോജിക്കാത്തതിനാലാണ്. ആശയപരമായ വ്യക്തത വേണം. മന്ത്രിയെ പിൻവലിക്കാൻ ഇപ്പോൾ പറയുന്നില്ലെന്നും അവർ പറഞ്ഞു. കത്ത് മുന്നണി യോഗത്തിൽ വെക്കാമെന്ന് ഇടതുമുന്നണി കൺവീനർ നേതാക്കൾക്ക് ഉറപ്പ് നൽകിയെന്നും അവർ വിശദീകരിച്ചു.

പിളർന്ന ശേഷം പുതിയ ഭാരവാഹികളെയും ജനതാദൾ എസ് സികെ നാണു വിഭാഗം പ്രഖ്യാപിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ സികെ  നാണു പ്രസിഡന്റായ ഘടകം നിലനിൽക്കുന്നതിനാൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ച നേതൃത്വം, പുതിയ വർക്കിംഗ് പ്രസിഡന്റിനെയും ജില്ലാ കണ്‍വീനര്‍മാരെയും പ്രഖ്യാപിച്ചു. എസ് ചന്ദ്രകുമാറാണ് വർക്കിംഗ് പ്രസിഡന്റ്. എല്ലാ ജില്ലകളിലും കൺവീനർമാരെയും പ്രഖ്യാപിച്ചു. ഒമ്പത് സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!