ജെബി മേത്തറിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; വിമര്‍ശിച്ച കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്പെൻഷൻ

Published : Mar 21, 2022, 11:36 PM ISTUpdated : Mar 22, 2022, 01:24 AM IST
ജെബി മേത്തറിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; വിമര്‍ശിച്ച കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്പെൻഷൻ

Synopsis

സെലക്റ്റീവ് നടപടി എന്ന് സ്നേഹ വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണം എന്ന് സ്നേഹ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ (congress) രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി (Rajya sabha candidate) ജെബി മേത്തറിനെ തീരുമാനിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്പെൻഷൻ. സ്നേഹ ആർ വിക്കെതിരെയാണ് നടപടി. സെലക്റ്റീവ് നടപടി എന്ന് സ്നേഹ വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണം എന്ന് സ്നേഹ ആവശ്യപ്പെട്ടു.

ഒരുപാട് ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായത്. ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പൂർണ പിന്തുണ നൽകും. ആർ എസ്  പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. സമൂഹ മാധ്യമങ്ങളിലെ ചേരിതിരിഞ്ഞുളള പഴിചാരൽ ശരിയല്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിത, ജെബി മേത്തര്‍ക്ക് റെക്കോര്‍ഡുകളേറെ

കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് എംപിയായി അയക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന്‍ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. അതിന് പുറമെ, ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഒരു മുസ്ലിം വനിതയെ രാജ്യസഭ എംപിയാക്കുന്നത് എന്ന പ്രത്യേകതയും ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്. കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന റെക്കോര്‍ഡും ഇനി ജെബിക്ക് സ്വന്തം.

42 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. എ കെ ആന്റണിയുടെ ഒഴിവില്‍ രാജ്യസഭയിലേക്ക് പോകുന്ന ജെബി  കേരളത്തില്‍ നിന്നുള്ള ഒന്‍പത് അംഗങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയാണെന്നതും പ്രത്യേകതയുണ്ട്. കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

'ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി അല്ല'; താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണെന്ന് സുധാകരന്‍

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്‍റേത് അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാർത്ഥിത്വം അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ജെബി മേത്തർ അപ്രതീക്ഷിത സ്ഥാനാർത്ഥി ആയിരുന്നില്ല. താൻ കൊടുത്ത പട്ടികയിൽ നിന്നുള്ള പേരാണിതെന്നും കെ സുധാകരന്‍ പ്രതികരിച്ചു. എം ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ സുധാകരൻ പറഞ്ഞു.

'ജെബി മേത്തർ ഉചിതമായ തീരുമാനം,  സ്ഥാനാർഥിത്വം താൻ ചോദിച്ചിട്ടില്ല': കെ വി തോമസ്

ജെബി മേത്തറെ സ്ഥാനാർത്ഥിയാക്കിയത് ഉചിതമായ തീരുമാനമെന്ന് മുൻ എംപി കെ വി തോമസ് പ്രതികരിച്ചു. ജെബിയുടേത് കോൺഗ്രസ് കുടുംബമാണെന്നും  പ്രവർത്തനപാരമ്പര്യവുമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

രാജ്യസഭാ സീറ്റ് ലഭിക്കാനായി നേരത്തെ കെവി തോമസും ചരടുവലികൾ നടത്തിയിരുന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തി കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായടക്കം അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാലിക്കാര്യങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ നിഷേധിക്കുകയാണ് കെവി തോമസ്. താൻ സീറ്റ് ചോദിച്ചിട്ടില്ലെന്നും താരിഖ് അൻവർ വിളിച്ചിട്ടാണ് ദില്ലിയിൽ പോയതെന്നുമാണ് കെ വി തോമസ് ഇപ്പോൾ നൽകുന്ന വിശദീകരണം. വിമർശനം ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണ്. എന്നാൽ പലപ്പോഴും അങ്ങനെയല്ല നടക്കുന്നത്. സീറ്റിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അവഹേളിക്കുന്നുവെന്ന പരിഭവവും മുൻ എംപി പങ്കുവെക്കുന്നു.

സീറ്റുചോദിച്ചെന്ന പേരിൽ ടി പത്മനാഭൻ തനിക്കെതിരെ നടത്തിയ വിമർശനം വേദനിപ്പിക്കുന്നതായിരുന്നുവെന്നും കെവി തോമസ് പറഞ്ഞു. ഞാൻ അട്ടയാണോ എന്ന് പത്മനാഭൻ തന്നെ ആലോചിക്കട്ടെയെന്നാണ് ഇക്കാര്യത്തിൽ കെ വി തോമസിന്റെ മറുപടി. കോൺഗ്രസിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണ് നെഹ്രു കുടുംബം. ദേശീയ തലത്തിൽ കോൺഗ്രസിനെ നെഹ്രു കുടുംബം തന്നെ നയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കെ വി തോമസ് പറയുന്നു.

രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച കെ വി തോമസ് അടക്കമുള്ള മുതി‍ർന്ന നേതാക്കൾക്കെതിരെ നേരത്തെ യൂത്ത് കോൺ​ഗ്രസും രംഗത്തെത്തിയിരുന്നു. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതി‍ർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവരെ അതിരൂക്ഷ വിമ‍ർശിച്ച് യൂത്ത് കോൺ​ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം പാസാക്കി. 

രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺ​ഗ്രസ് പ്രമേയത്തിൽ പറയുന്നു. വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാൻ അനുവദിക്കരുത്. കേന്ദ്രസർക്കാരിനെതിരെ ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോ​ദിക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്