'ജസ്ന ജീവിച്ചിരിപ്പില്ല, ജസ്നക്ക് ഒരു അജ്ഞാത സുഹൃത്ത് ഉണ്ടായിരുന്നു; സിബിഐക്ക് വിവരങ്ങള്‍ കൈമാറാമെന്ന് പിതാവ്

By Web TeamFirst Published Apr 12, 2024, 8:51 PM IST
Highlights

ജസ്ന എല്ലാ വ്യാഴാഴ്ചയും പോകാറുള്ള ആരാധനാലയം കണ്ടെത്തിയതായും പിതാവ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും ആറുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ. മകളുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും അച്ഛൻ ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. താൻ ഉന്നയിച്ച സംശയങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്നും അച്ഛൻ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 19 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. 

ജസ്ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നീ സംശയം നിലനിൽക്കെയാണ് മകൾ ജീവനോടെയില്ലെന്ന് അച്ഛൻ തന്നെ സത്യവാങ്മൂലത്തിൽ അറിയിക്കുന്നത്. സംശയമുളള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സി.ബി.ഐ തയ്യാറായില്ലെന്നും ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ആരോപിക്കുന്നു. സിബിഐ സംഘം ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്.

അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിന്റെ പേടി. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അച്ഛൻ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉറപ്പ് നല്‍കുന്നു. ജസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.

ഈ ദിശയില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നും പരാതിയുണ്ട്. സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. അയാളെ സിബിഐ സംഘം പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങൾ കിട്ടിയിരുന്നില്ല. ജസ്‌നയെ കാണായതിന്റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തുന്നു. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതാകുന്നത്. ദുരൂഹതയൊന്നുമില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോർട്ട് തള്ളണമെന്നാണ് അച്ഛൻറെ ആവശ്യം. 

അ‍‌ഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി.

പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു.

വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് ആയിരുന്ന കെ എം അഭിജിത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. തിരോധാനത്തിന് പിന്നിലെ അന്തർസംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കുകയാണ്. പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്, മരിച്ചു എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!