
കോഴിക്കോട്: സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്ന് ജാമിയ നൂരിയ സനദ് ദാന ചടങ്ങിൽ മുന്നറിയിപ്പ്. അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം. സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും വേദിയിൽ ഇരുത്തിയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത മഹത്തായ പ്രസ്ഥാനമാണ്. അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ആരും ചെയ്യരുത്. പ്രസിഡൻ്റ് സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റി, പറ്റിയ ആളുകളെ നിയമിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനമെന്നും ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദായത്തിൻ്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുത്. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. നമുക്കെതിരായ അജണ്ടകൾ തിരിച്ചറിയണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam