
കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജോജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്. എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മേയറും കോൺഗ്രസ് നേതാവുമായി ടോണി ചമ്മണിയാണ് കോടതിയെ സമീപിച്ചത്.
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ജോജു ജോർജിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ജോജുവിന്റെ റേഞ്ച് റോവറന്റെ പുറകിലെ ചില്ല് ഇതിനിടെ പ്രതിഷേധക്കാർ തകർത്തു. ഇതിന്റെ പേരിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വാഹനം തല്ലിത്തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇതിൽ വാഹനം തല്ലിത്തകർത്തതിന് എതിരെയും ആക്രമിക്കാൻ ശ്രമിച്ചതിന് എതിരെയും എടുത്ത കേസുകളാണ് റദ്ദാക്കിയത്. എന്നാൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് എതിരെ എടുത്ത് കേസ് റദ്ദാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam