കേരളാ കോൺഗ്രസ് നേതാക്കൾ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി, ചർച്ച നടത്തിയത് ജോസും റോഷിയുമടക്കമുള്ള നേതാക്കൾ

By Web TeamFirst Published Sep 19, 2021, 10:50 PM IST
Highlights

നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായതിന് പിന്നാലെ ഇടത് മന്ത്രി വിഎൻ വാസവൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു. 

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 

വേളാങ്കണ്ണിയിൽ നിന്ന് വന്ന ശേഷം രണ്ടാംതവണയാണ് ജോസ് കെ മാണി ബിഷപ്പിനെ കാണുന്നത്. സർക്കാരിന്റെ സമവായ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം എന്നാണ് സൂചന. നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായതിന് പിന്നാലെ ഇടത് മന്ത്രി വിഎൻ വാസവൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു. 

ഈഴവ സമുദായത്തിനെതിരായ വിദ്വേഷ പ്രസ്താവന; മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ

അതിനിടെ പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് മേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മതസൗഹാർദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദ്ദേശിച്ചിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലായി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതികരണമെന്നാണ് സമസ്ത നിലപാട്. വിവാദ പരാമര്‍ശം ബിഷപ്പ് പിൻവലിക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാറും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 

click me!