കേരളാ കോൺഗ്രസിലെ തമ്മിലടി: നിലപാട് കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Jun 3, 2019, 11:31 PM IST
Highlights

127 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എയും, പ്രൊഫ.എന്‍ ജയരാജ് എംഎല്‍എയും ചേര്‍ന്നാണ് പിജെ ജോസഫിന് കൈമാറിയത്. സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ട കത്താണ് നൽകിയതെന്ന് ജോസ് കെ മാണി വിഭാഗം പറയുന്നു.

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റിഉടന്‍ വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന് കത്തു നല്‍കി. 127 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എയും, പ്രൊഫ.എന്‍ ജയരാജ് എംഎല്‍എയും ചേര്‍ന്നാണ് പിജെ ജോസഫിന് കൈമാറിയത്. സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ട കത്താണ് നൽകിയതെന്ന് ജോസ് കെ മാണി വിഭാഗം പറയുന്നു.

പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പായി തെരെഞ്ഞെടുക്കണമെന്ന് സ്പീക്കര്‍ നിർദ്ദേശിച്ചതിനാല്‍ അതിന് മുമ്പ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് പാളയത്തിൽ പോര് രൂക്ഷമായ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലേക്ക് എത്തിയിരുന്നു. കോട്ടയത്ത് കഴിഞ്ഞ ദിവസം ജോസ് കെ മാണി അനുയായികൾ പി ജെ ജോസഫിന്‍റേയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചിരുന്നു.

പാ‍ർട്ടിയുടെ താൽക്കാലിക ചെയർമാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പി ജെ ജോസഫ് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റി വിളിക്കുന്നത് കീഴ്വഴക്കമല്ലെന്ന് കാട്ടി തന്‍റെ കർശന നിലപാട് പി ജെ ജോസഫ് ആവർത്തിക്കുകയും ചെയ്തു. ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ സ്ഥാനവും രാജ്യസഭാംഗത്വം നൽകി സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ജോസഫിന്‍റെ പ്രതിരോധം. സമവായത്തിന് ശേഷമേ സംസ്ഥാനകമ്മിറ്റി വിളിക്കൂ എന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.

click me!