പാലയടക്കം 12 സീറ്റുകൾ നൽകാൻ ധാരണ: ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

By Web TeamFirst Published Oct 14, 2020, 10:38 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ ജോസ് കെ മാണി വിഭാഗത്ത് വിട്ടു തരാൻ എൽഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മാത്രം അഞ്ച് സീറ്റുകൾ എൽഡിഎഫ് ജോസ് വിഭാഗത്തിന് വിട്ടു നൽകും. 

കോട്ടയം: ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജോസ് കെ മാണി വിഭാഗത്തിനായി വാതിൽ തുറന്ന് എൽഡിഎഫ്. ഉടനെ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തിൽ ജോസ് വിഭാഗവും ഇടതുമുന്നണിയും തമ്മിൽ ധാരണയായി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ ജോസ് കെ മാണി വിഭാഗത്ത് വിട്ടു തരാൻ എൽഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മാത്രം അഞ്ച് സീറ്റുകൾ എൽഡിഎഫ് ജോസ് വിഭാഗത്തിന് വിട്ടു നൽകും. കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകൾ വിട്ടു തരും എന്നാണ് എൽഡിഎഫിൻ്റെ വാഗ്ദാനം. തദ്ദേശത്തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ യുഡിഎഫിൻ്റെ ഭാഗമായി മത്സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ നൽകാം എന്നു എൽഡിഎഫ് നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ട്.

സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായതോടെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ജോസ് കെ മാണി നടത്തും. പാലായിൽ ചേർന്ന ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം ജോസും നേതാക്കളുടെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി. തുടർന്ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. പതിനൊന്ന് മണിക്ക് ജോസ് കെമാണി മാധ്യമങ്ങളെ കാണുന്നുണ്ട്.

പാലാ സീറ്റിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ 12 മണിയോടെ മാണി സി കാപ്പനും മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് വിട്ടു കൊടുക്കും എന്ന് എൽഡിഎഫ് ഉറപ്പു നൽകിയ സാഹചര്യത്തിൽ മാണി സി കാപ്പൻ്റെ തുടർനിലപാട് എന്തെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹം യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയതായാണ് സൂചന.

click me!