സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെയെന്ന് ജോസ് കെ മാണി; എതിര്‍പ്പുമായി പി ജെ ജോസഫ്

By Web TeamFirst Published Sep 1, 2019, 8:26 AM IST
Highlights

ഏകപക്ഷീയ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തുമെന്നും  ജോസ് കെ മാണിയുടെ പ്രതികരണം

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന പി ജെ ജോസഫിന്‍റെ പ്രതികരണത്തിന് മറുപടിയുമായി ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി ഇന്നുതന്നെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിലെന്നും ജോസ് കെ മാണിയുടെ പ്രതികരണം.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണം. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നായിരുന്നു പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നും ഇന്നലെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടുമെത്തിയത്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം. 

click me!