
കോട്ടയം: കോട്ടയം ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ശേഷം ജോസഫ് പക്ഷത്തേക്ക് മാറിയവര്‍ക്ക് അുത്ത ദിവസം മുതല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നോട്ടീസ് നല്‍കും. തിരികെ വരുന്നവരുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗ ഉപസമിതിയെ ജില്ലാ നേതൃയോഗം നിയോഗിച്ചു.
പാര്‍ട്ടി പേരും ചിഹ്നവും ലഭിച്ചതോടെ തങ്ങളുടെ ശക്തി ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു പടിയാണിത്. ഇതിനായി എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ നടത്താന്‍ ജോസ് കെ മാണി നിര്‍ദേശിച്ചിരുന്നു. ആദ്യ ദിവസം തന്നെ കോട്ടയത്ത് യോഗം ചേര്‍ന്നു. നിയോജക മണ്ഡലം പ്രസിഡന്റുമാരോട് കൂറുമാറിയവരുടെ പട്ടികയുമായി എത്താനാണ് പറഞ്ഞിരുന്നത്. പട്ടികയനുസരിച്ച് കൂറുമാറിയവര്‍ക്കൊക്കെ നോട്ടീസ് നല്‍കും. നോട്ടീസ് ഏതു വിധത്തില്‍ തയ്യാറാക്കി നല്‍കണമെന്നതു സംബന്ധിച്ച് പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ നോട്ടീസ് നല്‍കിത്തുടങ്ങും.
മറുകണ്ടം ചാടിയവരില്‍ ചിലര്‍ നടപടി ഭയന്ന് തിരികെ വരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ജോസ് പക്ഷത്തെ നേതാക്കളുടെ വാദം. ഇവരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. തിരികെ എടുത്താല്‍ അതാതു പ്രദേശത്തെ അണികളില്‍ നിന്നും എത്രമാത്രം എതിര്‍പ്പുണ്ടാകുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പഠിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.
തര്‍ക്കത്തിനു കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ജോസഫ് പക്ഷത്തേക്ക് മാറിയ രണ്ട് അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ കഴിയുന്ന വാര്‍ഡുകളുടെ പട്ടികയും പാര്‍ട്ടി യോഗത്തില്‍ തയ്യാറാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam