'ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകും'; ചര്‍ച്ചകള്‍ നിര്‍ത്തി ജോസ് കെ മാണി

By Web TeamFirst Published Jul 7, 2020, 2:36 PM IST
Highlights

സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. 

കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം.  ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷത്തിന്‍റെ വിലയിരുത്തല്‍. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് താഴെത്തട്ടില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍  നടന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. 

സിപിഐയുടെ ശക്തമായ എതിര്‍പ്പിനിടയിലും കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവുമായി പ്രദേശിക തലത്തില്‍ ധാരണയ്ക്കായിരുന്നു സിപിഎമ്മിന്‍റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാധ്യമായിടത്തൊക്കെ ജോസ് പക്ഷവുമായി സഹകരിക്കാനും ലക്ഷ്യമിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിപ്പിച്ച ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്  മുൻപ് ജോസ് പക്ഷത്തെ മുന്നണിയിലെത്തിക്കാനായിരുന്നു സിപിഎമ്മിന്‍റെ തന്ത്രം. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം പ്രതികൂലമായി  ബാധിക്കുമെന്നാണ് ജോസ് പക്ഷം കരുതുന്നത്. 

 


 

click me!