
കോട്ടയം: ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കും. പാലായിൽ നിന്ന് മാറരുതെന്ന് ജോസിനോട് സിപിഎം നിര്‍ദേശിച്ചു കഴിഞ്ഞു. ജോസ് കെ മാണി പാലായിലോ അതോ കടുത്തുരുത്തിയിലോ എന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നത്.
പാലായിൽ റോഷി അഗസ്റ്റിനെ ഇറക്കി ജോസ് കടുത്തുരുത്തിയിലേക്ക് പോകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. പാലാ സ്വദേശിയായ റോഷിക്ക് ഇടുക്കിയിൽ നിന്ന് മാറമെന്ന ആഗ്രഹവുമുണ്ടായിരുന്നു.കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയും ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിവച്ചു. ജോസ് കടുത്തിരുത്തിയിലേക്ക് പോകുമെന്ന പ്രചാരണം കനത്തതോടെ സിപിഎം തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു.
മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിൽ ജോസ് പാല വിട്ടാൽ അത് ഭയന്ന് പിൻമാറിയതാണെന്ന തോന്നലുണ്ടാക്കും. ഒപ്പം സ്വന്തം തട്ടകം വിടുന്നെന്ന പ്രതീതിയും ഉണർത്തും. പിസി ജോർജ്ജും പാലായിലിറങ്ങാൻ സാധ്യതയുള്ളതിനാല്‍ മത്സരം കടുക്കും. അതുകൊണ്ട് പാലായുടെ കാര്യത്തില്‍ പരീക്ഷണത്തിന് മുതിരേണ്ടെന്നാണ് സിപിഎം ജോസിന് നൽകിയ സന്ദേശം.
കടുത്തുരുത്തിയിൽ ഒരു സർപ്രൈസ് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് കേരളാ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അതേസമയം മാണി സി. കാപ്പൻ ഇക്കുറി ഇടത് മുന്നണിയിൽ ഉണ്ടാകില്ലെന്നുറപ്പായി. ഇക്കാര്യം കീഴഘടകങ്ങളെ പാര്‍ട്ടി അറിയിച്ചും തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി നടക്കുന്ന സിപിഎം കമ്മിറ്റികളിലാണ് ഇക്കാര്യം നേതാക്കൾ പ്രവർത്തകരോട് റിപ്പോർട്ട് ചെയ്തുതുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam