
കോട്ടയം: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി പി ജെ ജോസഫ് എന്ന് ജോസ് ടോം. പാലായില്‍ തോല്‍പ്പിച്ചത് പി ജെ ജോസഫെന്നായിരുന്നു ജോസ് ടോമിന്‍റെ കുറ്റപ്പെടുത്തല്‍. പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിനെതിരെയും ജോസ് ടോം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജോയ് എബ്രഹാം തെരഞ്ഞെടുപ്പില്‍ ഒരു പ്രവര്‍ത്തനവും നടത്തിയില്ലെന്നും ജോയ് എബ്രഹാമിനെ നിയന്ത്രിക്കാന്‍ പി ജെ ജോസഫിനായില്ലെന്നുമായിരുന്നു ജോസ് ടോമിന്‍റെ വിമര്‍ശനം.
പാലാ തെരഞ്ഞെടുപ്പ് ദിനവും കേരളാ കോൺഗ്രസ് തമ്മിലടിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ദിവസം ജോയ് എബ്രഹാമിന്‍റെ കുറ്റപ്പെടുത്തല്‍. ചിലര്‍ക്കൊക്ക കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന ജോയ് എബ്രഹാമിന്‍റെ പ്രസ്താവന വലിയ വിമര്‍ശങ്ങള്‍ക്കായിരുന്നു വഴിവെച്ചിരുന്നു. ജോയ് എബ്രഹാമിന്‍റെ പ്രസ്താവനയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് ജോസഫ് വാദം. രണ്ടില നല്‍കാൻ തയ്യാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് ജോസഫ് കുറ്റപ്പെടുത്തി. ചിഹ്നം കിട്ടിയാൽ ജയിക്കുമായിരുന്നുവെന്ന് പറയുന്നവർ പാർട്ടി ഭരണഘടനാ പ്രകാരം ചിഹ്നം നൽകാൻ അധികാരമുള്ള പാർട്ടി വർക്കിംഗ് ചെയർമാനോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ ചിഹ്നം ലഭിക്കുമായിരുന്നു.
തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ജോസ് പക്ഷത്തിനെന്ന് പറഞ്ഞ പി ജെ ജോസഫ് രണ്ടില ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തവും ജോസ് പക്ഷത്തിനാണെന്ന് അടിവരയിടുകയാണ്. സ്ഥാനാർത്ഥിക്ക് ജയസാധ്യത ഇല്ലായിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്. പാലായിലെ 54 വര്‍ഷത്തെ ചരിത്രമാണ് മാണി സി കാപ്പന്‍ തിരുത്തിയത്. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്.
യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ, മീനച്ചില്‍ എലിക്കുളം എന്നിങ്ങനെ നഗരസഭയും പഞ്ചായത്തുകളുമായി 13 തദ്ദേശഭരണകേന്ദ്രങ്ങളാണ് പാലാ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവയില്‍ മീനച്ചിലും മുത്തോലിയും കൊഴുവനാലും മാത്രമാണ് ഇക്കുറി യുഡിഎഫിനൊപ്പം നിന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam