കേരള കോണ്‍ഗ്രസ് പിളര്‍പ്പ്: നിയമസഭയില്‍ നേതാവ് ജോസഫ് തന്നെ, മാറ്റമില്ലെന്ന് ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Jun 17, 2019, 6:31 AM IST
Highlights

പുതിയ ചെയർമാനെ തെരഞ്ഞെടുത്തെങ്കിലും പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ ജോസ് കെ മാണി പക്ഷം തൽക്കാലം ശ്രമിക്കില്ല. 

തിരുവനന്തപുരം: കേരളകോൺഗ്രസ് പിളർന്നെങ്കിലും നിയമസഭയിൽ പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറാണ്. പുതിയ ചെയർമാനെ തെരഞ്ഞെടുത്തെങ്കിലും പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ ജോസ് കെ മാണി പക്ഷം തൽക്കാലം ശ്രമിക്കില്ല. അതേസമയം ജോസ് കെ മാണി വിഭാഗത്തിന്‍റെ നിയമസഭയിലെ നീക്കമെന്തായിരിക്കുമെന്ന് കാത്തിരിക്കുയാണ് പി ജെ ജോസഫ്. 

പാർട്ടി നിയമപരമായി രണ്ടാകുന്നത് വരെ ഈ രീതിയിൽ തുടരാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. നിയമസഭയിൽ പി ജെ ജോസഫിന് മുൻനിരയിൽതന്നെയാണ് സീറ്റ്. ജോസഫിന്‍റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തു നൽകിയ മോൻസ് ജോസഫിന്‍റെ നടപടിയാണ് പാർട്ടിയിൽ വിയോജിപ്പിന്റ അന്തരീക്ഷം സൃഷ്ട്ടിച്ചതെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റ ആക്ഷേപം. 

എന്നാൽ കൂറുമാറ്റനിരോധന നിയമം ഉൾപ്പടെ അഭിമുഖികരിക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ സഭയിൽ ജോസഫിനെ തള്ളാൻ ജോസ് കെ മാണി വിഭാഗം തയ്യാറല്ല. പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി റോഷി അഗസ്റ്റ്യൻ സ്പീക്കറെ അറിയിച്ചാൽ അതിനെതിരെ പി ജെ ജോസഫ് തന്നെ കത്ത് നൽകും. ഇത് വലിയ നിയമക്കുരിക്കിലേക്ക് പോകും. ജോസ് കെ മാണി വിഭാഗത്തിലെ എംഎൽഎമാർക്കെതിരെയും എംപിമാർക്കെതിരെയും ഉടൻ ഒരു നടപടിയും ഉണ്ടാകില്ല. 

പകരം താഴെത്തട്ടിലുള്ള ചില നേതാക്കൾക്കെതിരെ നടപടിയെടുക്കാനാണ് ജോസഫിന്‍റെ നീക്കം. ഒപ്പം സംസ്ഥാനകമ്മിറ്റിയിലെ ചില പ്രമുഖനേതാക്കളെയും ജോസഫ് പക്ഷത്തേക്ക് കൊണ്ടുവരാൻ നിക്കം നടക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗം സമാന്തരമായി ഇരുമുന്നണികളിലേയും നേതാക്കുളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. അനുകൂലമായി സമീപനം സ്വീകരിക്കുന്ന മുന്നണിക്കൊപ്പം നീങ്ങുമെന്നാണ് ജോസ് കെ മാണി പക്ഷം നൽകുന്ന സൂചന.

click me!