കണ്ണൂർ യൂണി. തഴഞ്ഞ ഡോ. ജോസഫ് സ്കറിയ കാലിക്കറ്റിൽ മുന്നിൽ; 2 റാങ്ക് പട്ടികയിൽ ഒന്നാമത്

By Web TeamFirst Published Jan 21, 2022, 12:35 PM IST
Highlights

മലയാള വിഭാഗം പ്രൊഫസർ തസ്തികയിലെ റാങ്ക് പട്ടികയിലും അസോസിയേറ്റ് പ്രൊഫസർ പട്ടികയിലും ജോസഫ് സ്കറിയക്ക് ഒന്നാം റാങ്ക് ആണ്. ജോസഫ് സ്കറിയയെ തഴഞ്ഞ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് കണ്ണൂർ  സർവകലാശാല  ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. 

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലയിൽ (Kannur University) പാ‍ർട്ടി നേതാവിന്റെ ഭാര്യക്ക് നിയമനം നൽകാനായി   രണ്ടാം  സ്ഥാനത്തേക്ക് തഴയപ്പെട്ട ഉദ്യോഗാർത്ഥിക്ക്  കാലിക്കറ്റ് സർവ്വകലാശാലയുടെ രണ്ട്  റാങ്ക് പട്ടികകളിൽ ഒന്നാം സ്ഥാനം. കെ കെ രാഗേഷിന്റെ (K K Ragesh) ഭാര്യ പ്രിയ വർഗ്ഗീസിന് (Priya Varghese) അസോ. പ്രൊഫസറായി  നിയമനം നൽകാനായി പിന്തള്ളപ്പെട്ട ഡോ. ജോസഫ് സ്കറിയയാണ് (Joseph Skariah)  ഇതേ മാനദണ്ഡങ്ങൾ പരിഗണിച്ച് നിയമനം നടത്തുന്ന  കാലിക്കറ്റിൽ ഒന്നാമനായത്..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്  കണ്ണൂർ സർവ്വകാശാലയിൽ നിയമനം നൽകാൻ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് , കാലിക്കറ്റ് സർവ്വകലാശാല റാങ്ക് വിവരം പുറത്തുവരുന്നത്. പ്രിയ വർഗ്ഗീസ് ഒന്നാം റാങ്കുകാരിയായ പട്ടികയിൽ  രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട ഡോ. ജോസഫ് സ്കറിയ ആണ് കാലിക്കറ്റിന്റെ   പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളുടെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.  27 വർഷമായി അധ്യാപന രംഗത്തുളള ജോസഫ് സ്കറിയ നിലവിൽ ചങ്ങനാശ്ശേരി എസ് ബി കോളേജി ൽ മലയാള വിഭാഗം മേധാവിയാണ്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച ഇദ്ദേഹത്തിന് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.  

കണ്ണൂരിലെ റാങ്ക് പട്ടികയ്ക്കെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് ജോസഫ് സ്കറിയക്ക് കാലിക്കറ്റ്  സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയം. ഈ മാസം 29ന് ചേരുന്ന കാലിക്കറ്റ്  സർവ്വകലാശാല സിൻഡിക്കേറ്റിൽ നിയമക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. യോഗ്യതയുളളയാളെ തഴഞ്ഞാണ് കണ്ണൂരിലെ റാങ്ക് പട്ടികയെന്ന് ഇതോടെ വ്യക്തമായെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഉൾപ്പെടെയുളളവരുടെ പ്രതികരണം.  ഇടത് സഹയാത്രികനായ ജോസഫ് സ്കറിയ  കണ്ണൂർ സർവ്വകലാശാലക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത് തടയുക എന്ന ലക്ഷ്യംകൂടിയുണ്ടെന്നും ആരോപണമുയരുന്നു.
 

click me!