
ദില്ലി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാന്‍ പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ കേരളത്തിലേക്ക്. നേതൃത്ത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രിയടക്കം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദ കേരളത്തിലെത്തുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്.എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ശോച്യാവസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരിക്കിട്ട് സംസ്ഥാനത്തേക്കെത്തുന്നത്.
25 , 26 തീയതികളിലായി നദ്ദ കേരളത്തില്‍ ക്യാമ്പ് ചെയ്യും. അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നദ്ദയുടെ സന്ദര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റിലും തോറ്റു. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും അടിക്കടി കുറയുകയാണ്. സംസ്ഥാന അധ്യക്ഷനും മകനുമടക്കം വിവാദങ്ങളില്‍ അകപ്പെട്ടു, പാർട്ടിക്കുള്ളിലുള്ളവർ പോലും നിലവിലെ നേതൃത്ത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തരാണ് തുടങ്ങിയ ഘടകങ്ങള്‍ ദേശീയ അധ്യക്ഷന്‍ പരിശോധിക്കും.
ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ പല ക്രിസ്ത്യന്‍ സഭകൾക്കും പാർട്ടി നിലപാടിനോട് യോജിപ്പുണ്ട്. പക്ഷേ ഈ സാഹചര്യവും മുതലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടുകളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തൊലിപ്പുറത്തെ ചികിത്സ പോരെന്ന വിലയിരുത്തലില്‍ ദേശീയ നേതൃത്വം കേരളത്തിലെത്തുമ്പോള്‍ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിമുടി മാറ്റം വേണമെന്ന ആവശ്യം പരിഗണിക്കാനിടയുണ്ടെന്നാണ് ചില ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന.