എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസ്

By Web TeamFirst Published Jan 10, 2021, 6:30 AM IST
Highlights

ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രാജന്‍ബാബു വിഭാഗമാണ് എല്‍ഡിഎഫില്‍ ഘടകക്ഷിയാക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.

ആലപ്പുഴ: നിയമസഭാതെരഞ്ഞെടുപ്പിന് മുന്പ് എല്‍ഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കാനൊരുങ്ങി ജെഎസ്എസ്. അരൂര്‍ സീറ്റ് ഉള്‍പ്പെടെ ആവശ്യപ്പെടാനും ജെഎസ്എസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. പരിഗണിച്ചില്ലെങ്കില്‍ വരുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മുന്നണി സഹകരണം അവസാനിപ്പിക്കാന്‍ ആലോചിക്കണമെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും ആവശ്യം

ഗൌരിയമ്മ ജനറല്‍ സെക്രട്ടറിയായ ജനാധിപത്യ സംരക്ഷണ സമിതി ഇപ്പോള്‍ രണ്ടുതട്ടിലാണ്. രാജന്‍ബാബു നേതൃത്വം നല്‍കുന്ന വിഭാഗവും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ റ്റി. കെ സുരേഷ്ബാബു നേതൃത്വം നല്‍കുന്ന വിമതവിഭാഗവും. ഇതില്‍ രാജന്‍ബാബുവിനൊപ്പമാണ് ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും.

ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രാജന്‍ബാബു വിഭാഗമാണ് എല്‍ഡിഎഫില്‍ ഘടകക്ഷിയാക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഗൌരിയമ്മയുടെ പഴയ തട്ടകമായ അരൂര്‍ സീറ്റ് അടക്കം ആവശ്യപ്പെടും. എന്നാല്‍ യുഡിഎഫിലേക്ക് പോകാനുള്ള രാജന്‍ബാബുവിന്റെ തന്ത്രമാണ് ഇപ്പോഴുയര്‍ത്തിയ ആവശ്യമെന്ന് സുരേഷ്ബാബു വിഭാഗം ആരോപിച്ചു. 

ഗൌരിയമ്മയും പാര്‍ട്ടിയും എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനകമ്മിറ്റി നേതാക്കളെ പുറത്താക്കിയതിനെ ചൊല്ലി അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഔദ്യോഗികപക്ഷം ആരെന്നതിനെച്ചൊല്ലിയാണ് വടംവലി. കൂടുതല്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ ഒപ്പം നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള സജീവ നീക്കത്തിലാണ് ഇരുപക്ഷവും. 

click me!