
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പുവച്ച ശേഷം ആ പേന ജഡ്ജ് മാറ്റിവെച്ചു. ഉത്തരവിൽ ഒപ്പുവെച്ച ശേഷമാണ് കോടതി മുറിയിൽ നിന്ന് പേന മാറ്റിവെച്ചത്. വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയോടിക്കാറാണ് പതിവ്. ഇന്ന് കോടതി മറ്റ് കേസുകള്‍ പരിഗണിക്കാറുമില്ല.
എന്തുകൊണ്ടാണ് വിധി പറഞ്ഞ ശേഷം ജഡ്ജിമാർ പേന തകർത്തു കളയുകയോ പിന്നീട് ഉപയോഗിക്കാത്ത തരത്തിൽ മാറ്റിവെക്കുകയോ ചെയ്യുന്നത്?
1. ഒരിക്കൽ വധശിക്ഷ എഴുതുകയോ ഒപ്പിടുകയോ ചെയ്താൽ, വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ആ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കാൻ അധികാരം ഉയർന്ന കോടതിക്ക് മാത്രമാണ്. അതിനാൽ ജഡ്ജി സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന തകർത്ത് ഒടിച്ചു കളയുകയോ പിന്നീടൊരിക്കലും ഉപയോഗിക്കാതെ മാറ്റിവെക്കുകയോ ചെയ്യും.
2. ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാ വിധിയിലൂടെ ജഡ്ജി ചെയ്യുന്നത്. അതുകൊണ്ട് അക്കാര്യത്തിന് ഉപയോഗിക്കുന്ന പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്‍റെ പ്രതീകമായാണ് ജഡ്ജിമാർ പേന മാറ്റി വയ്ക്കുകയോ ഒടിച്ചു കളയുകയോ ചെയ്യുന്നത്. വിധിയെഴുതിയ പേന തൂക്കിക്കൊല്ലാനുള്ള വിധി എഴുതിയ വഴി രക്തം രുചിച്ചുവെന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കാൻ ആ പേന ഇനിയൊരിക്കലും ഉപയോഗിക്കാതിരിക്കുന്നു.
3. വധശിക്ഷയ്ക്ക് ശേഷം പേന തകർക്കുന്നതിന് പറയുന്ന മറ്റൊരു കാര്യം, വധശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ വിധിച്ച വിധിയില്‍ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.
4. കുറ്റവാളിയെ വധിക്കാനുള്ള തീരുമാനം നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും, അത് തന്‍റെ ജോലിയുടെ ഭാഗമാണെന്നും അതിനാൽ അത്തരത്തിൽ വിധി പറയുന്ന ജഡ്ജി അസന്തുഷ്ടനാകരുതെന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നുമാണ് കരുതുന്നത്. അതിനാൽ വധശിക്ഷ പ്രഖ്യാപനത്തിന് ശേഷം ജഡ്ജി പേന തകർത്തു കളയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam