
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ കോടതിക്കെതിരെ പ്രതിഷേധിച്ചത് പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കോടതിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രധാനസാക്ഷി ശാന്തകുമാരിയുടെ മൊഴി പുറത്തു വന്ന സാഹചര്യത്തിലാണ് കെമാല്‍ പാഷയുടെ പ്രതികരണം.
ജഡ്‍ജിമാര്‍ക്ക് കൃത്യമായ പരിശീലനം കിട്ടാത്തതിന്‍റെ പ്രത്യാഘാതമാണ് വഞ്ചിയൂര്‍ കോടതിയിലെ സംഭവമെന്നും എന്നാല്‍ കോടതിക്ക് തെറ്റുപറ്റിയാലും അതിനെ നിയമവിധേയമായി തിരുത്താനാണ് ശ്രമിക്കേണ്ടതെന്നും അതല്ലാതെ അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളില്‍ സാക്ഷിമൊഴികള്‍ക്കാണ് വളരെയേറെ പ്രാധാന്യമുള്ളത്. ഈ സ്ത്രീയെ വിസ്തരിക്കുന്നതിനിടെയാണല്ലോ ഈ സംഭവങ്ങളൊക്കെയുണ്ടായത്. അതിനാല്‍ അവരുടെ സാന്നിധ്യം അവിടെ കാണും. ഈ കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കി ഇവരുടെ സാക്ഷിമൊഴി രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അഭിഭാഷകാരെ മാത്രം കുറ്റം പറയുന്നതിലും എല്ലാ അഭിഭാഷകരേയും അടച്ചാക്ഷേപിക്കുന്നതിലും കാര്യമില്ല.
ക്രിമിനില്‍ ചട്ടം 164 അനുസരിച്ച് സാക്ഷിയുടെ മൊഴി രേഖപ്പെടുത്തണം. കോടതിയുടെ തെറ്റാണെങ്കില്‍ പോലും ഈ രീതിയിലുള്ള പ്രതിഷേധം കോടതിയിലുണ്ടാവാന്‍ പാടില്ല. മജിസ്ട്രേറ്റിന് ചിലപ്പോള്‍ തെറ്റ് സംഭവിച്ചിരിക്കാം അതു ചിലപ്പോള്‍ പരിശീലന കുറവ് കൊണ്ടോ പരിചയക്കുറവ് കൊണ്ടോ ആവാം. ഇവിടെ ജുഡീഷ്യല്‍ അക്കാദമി എന്ന പേരില്‍ അക്കാദമി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിപ്പോള്‍ വിരമിച്ച ജഡ്ജിമാര്‍ക്ക് ആഹാരം കൊടുക്കാനാണ് ഉപയോഗിക്കുന്നത്. അതു നല്ല ചുമതലാബോധമുള്ള ആളുകളെ എല്‍പിക്കണം നല്ല രീതിയില്‍ ഉപയോഗിക്കണം..എന്തായാലും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍പാടില്ല. ജഡ്ജമാരെ പോലെ തന്നെ അഭിഭാഷകരും പൊതുജനങ്ങള്‍ക്ക് മാതൃകയായിരിക്കേണ്ടവരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam