
വയനാട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള നീക്കുപോക്കില്‍ എം എം ഹസന്‍റെ നിലപാട് തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനെന്നും മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്നും താന്‍ പറയുന്നത് മുന്നണി നയമെന്നും കഴിഞ്ഞ ദിവസം എംഎം ഹസന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനെനെക്കുറിച്ച് മുല്ലപ്പളളിക്കും അറിയാമെന്നു കൂടി ഹസന്‍ പറഞ്ഞുവച്ചു.
ഇതെക്കുറിച്ചുളള ചോദ്യത്തോട് പാര്‍ട്ടി നയം പറയേണ്ടത് പാര്‍ട്ടി പ്രസിഡന്‍റെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. ഇത്തരമൊരു നീക്കുപോക്കുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണെന്നും ഇനി അതിൽ മറുപടി പറയാനില്ലെന്നുമായിരുന്നു ഹസ്സന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുക്കുംതോറും സിപിഎം വർഗീയ പ്രചാരണം നടത്തുകയാണെന്നും എം എം ഹസൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam