
ദില്ലി: ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ സംസ്ഥാന നേതാക്കൾ ഇടപെടൽ നടത്തുമെന്ന് വേണുഗോപാല്‍ അറിയിച്ചു. ബിജെപിയുടെ ശ്രമം വോട്ട് തട്ടാൻ മാത്രമാണ്. ക്രൈസ്തവ നേതാക്കളുടെ നിവേദം വാങ്ങാൻ പോലും മന്ത്രിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്രൈസ്തവരുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ഉണക്കാൻ ബിജെപി നേതാക്കളുടെ ഭവന സന്ദർശനത്തിന് കഴിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരുമായി നല്ല ബന്ധമാണ് കോൺഗ്രസിനുള്ളത്. പിതാക്കൻമാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യത്തിന്‍റെ കാര്യത്തില്‍ യോജിക്കാൻ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാല്‍, വന്ദേ ഭാരത് വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചു. എല്ലാം ഉദ്ഘാടനം ചെയ്യുന്നത് മോദിയാണ്. റെയിൽവെ മന്ത്രിക്ക് പോലും അവസരമില്ലെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.
അതിനിടെ, ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കത്തിൽ കോൺഗ്രസ്സിൽ ആശങ്ക ഉന്നയിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ് കെപിസിസി നേതൃത്വത്തിന് കത്ത് നൽകി. പാർട്ടിയുടെ എല്ലാകാലത്തെയും വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സ്വാധീനീക്കാനുള്ള ബിജെപി ശ്രമത്തിൽ ജാഗ്രത വേണം, ചില മതമേലധ്യക്ഷന്മാരുടെ മോദി അനുകൂല പ്രസ്താവനകളും ഗൗരവം കൂട്ടുന്നുവെന്നും വിഷയം ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരണമെന്നും ആവശ്യപ്പെടുന്നു. പല വിവാദവിഷയങ്ങളുണ്ടായിട്ടും രാഷ്ട്രീയകാര്യ സമിതി ചേരാത്തതിലെ അതൃപ്തിയും എ ഗ്രൂപ്പ് പങ്ക് വെക്കുന്നു.