തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍; ദേവസ്വം മന്ത്രി തീരുമാനം അറിയിച്ചെന്ന് പ്രതികരണം, ആശംസകൾ നേർന്ന് പി എസ് പ്രശാന്ത്

Published : Nov 08, 2025, 10:21 AM IST
K Jayakumar

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നിയുക്ത പ്രസിഡന്റ് കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ പ്രതിരോധത്തിൽ നിൽക്കെയാണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ശബരിമല സ്പെഷ്യൽ ഓഫീസറായി കെ ജയകുമാ‍ർ പ്രവ‍ർത്തിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പല പേരുകളും ഉയർന്നിരുന്നു. മുൻ എംഎൽഎ ടി കെ ദേവകുമാർ, മുൻ എംപി എ സമ്പത് എന്നിവരുടെ പേരുകളടക്കം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി കെ ജയകുമാറിന്റെ പേര് നിർദ്ദേശിച്ചെന്നാണ് സൂചന.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നിയുക്ത പ്രസിഡന്റ് കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭക്തർക്ക് പൂർണ തൃപ്തി കിട്ടുന്ന നിലയിലേക്ക് ശബരിമല മാറണമെന്ന് ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പറഞ്ഞു. ഭക്തരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടമാകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകും. സുഗമമമായ മണ്ഡലകാല തീർഥാടനത്തിനാണ് മുൻഗണനയെന്നും ജയകുമാർ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചുമതല ഒഴിയുന്ന പി എസ് പ്രശാന്ത് ജയകുമാറിന് ആശംസകൾ നേർന്ന് രംഗത്തെത്തി.

ജയകുമാറിന് ആശംസകൾ നേർന്ന് പി എസ് പ്രശാന്ത്

ജയകുമാറിന്റെ നിയമനത്തിൽ സന്തോഷമെന്ന് പി എസ് പ്രശാന്ത്. ശബരിമലയിൽ അദ്ദേഹത്തിന് വലിയ അനുഭവ പാരമ്പര്യവും പരിജ്ഞാനവുമുണ്ട്. തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ആ അനുഭവ പാരമ്പര്യം മുതൽക്കൂട്ടാകും. നിലവിലെ ഭരണസമിതി മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. ഈമാസം 12 വരെയാണ് നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം