
പത്തനംതിട്ട: ശബരിമല സ്വർണക്കൊളള വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്‍റായും മുൻ മന്ത്രി കെ.രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്തു. ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ വ്യക്തമാക്കി. ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങളുണ്ടെന്നും അവരെ പുറത്തുനിർത്തിയതിൽ ചിലർക്ക് വിഷമമുണ്ടായെന്നും സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയുടെ കാലത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ചുമതലയിൽ പുതിയ സമിതി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖം മിനുക്കൽ ദൗത്യവുമായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്‍റ് കസേരയിൽ. സിപിഐ പ്രതിനിധിയായി മുൻ മന്ത്രി കെ.രാജുവും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇരുവരും പ്രതിജ്ഞയെടുത്ത് അധികാരമേറ്റു. വിശ്വാസം വ്രണപ്പെടില്ലെന്ന് ഉറപ്പ് മുന്നോട്ട് വെക്കുന്ന പുതിയ അധ്യക്ഷൻ സ്പോൺസർമാരെ അടക്കം നിയന്ത്രിക്കമന്നാണ് വ്യക്തമാക്കുന്നത്.
മന്ത്രിമാരായ വിഎൻ വാസവൻ,വി.ശിവൻകുട്ടി,ജിആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവരുമെത്തി.മണ്ഡലകാല തീർത്ഥാടനം മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് പുതിയ സമിതി. ശബരിമലയിൽ അവതാരങ്ങൾ ചിലതുണ്ടെന്നാണ് സ്ഥാനമൊഴിഞ്ഞ പി.എസ്.പ്രശാന്തിന്‍റെ വെളിപ്പെടുത്തൽ.
ശബരിമല സ്വർണക്കൊളളയിൽ മുൻ പ്രസിഡന്‍റ് എൻ. വാസുവും ഉദ്യോഗസ്ഥരും അറസ്റ്റിലായതും എ. പത്മകുമാറിലേക്കുൾപ്പെടെ അന്വേഷണം നീളുന്നതും ബോർഡിനുണ്ടാക്കിയത് വൻ ക്ഷീണമാണ്. സ്ഥാനമൊഴിഞ്ഞ സമിതിയും സംശയനിഴലിലാണ്. ഭരണപരിചയവും സ്വീകാര്യതയുമുളള പുതിയ നേതൃത്വം വെല്ലുവിളി അതിജീവിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam