
ആലപ്പുഴ: കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ആണ് ചോദ്യം ചെയ്യൽ ഇന്നത്തേയ്ക്ക് മാറ്റിയത്. വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യൽ. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ അശോകൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമർശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്.
മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam