
ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ്റെ ആത്മഹത്യയിൽ ഐ ജി ഹർഷിത അത്തല്ലൂരിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പ്രത്യേക അന്വേഷണ സംഘം തലവനായിട്ടും ഒരു തവണ പോലും മഹേശൻ്റെ കുടുംബത്തെ കാണാൻ ഐ ജി തയ്യാറായില്ല. പരാതിക്കാരിയായ കെ കെ മഹേശൻ്റെ ഭാര്യ ഉഷയയുടെ മൊഴി പൊലും ഐ ജി എടുത്തില്ല. ഐ ജി സ്വാധീനത്തിന് വഴിപ്പെട്ടൊ എന്ന് സർക്കാർ അന്വേഷിക്കണമെന്നും മഹേശൻ്റെ അനന്തരവൻ അനിൽ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.
Read More : കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി, തുഷാർ മൂന്നാം പ്രതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam