
കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എ എൻ ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. മതേതര പ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് നീചമാണ്. വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും കെ കെ രാഗേഷ് പറഞ്ഞു.
എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"വെള്ളാപ്പള്ളി നടേശന്‍റെ വർഗീയക്കലി പാർടി നേതാക്കളോട് വേണ്ട
വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ 'തെരഞ്ഞെടുപ്പ് വിശകലനം' കണ്ടു. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്‍റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തിൽ വർഗീയചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കിൽ ആ നാവിന് മൂർച്ച കൂടും. മുസ്ലീംവിരോധം കൊണ്ട് അന്ധമാകുമ്പോൾ കൂടുതൽ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതു കൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടി മിനക്കെടാറില്ല എന്നതാണ് വാസ്തവം.
എന്നാൽ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓർമ പോലും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മുസ്ലീം നാമധാരികളായ സിപിഐ(എം) നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ കലിയുണരും. അതാണ് ഇന്ന് സ. എ എൻ ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന സഖാവാണ് ഷംസീർ. രണ്ട് തവണ തലശ്ശേരിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്ലീം വർഗീയവാദികളുടെ ആക്രമണങ്ങൾ ഒരേപോലെ നേരിട്ടുകൊണ്ട് തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇത്തരത്തിൽ ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ കീഴ്ഘടകം മുതൽ കേന്ദ്ര കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിൽ ഞങ്ങൾ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉൾപ്പെടെ കേട്ട് ചർച്ച ചെയ്തതിന് ശേഷമാണ് ഞങ്ങൾ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വർഗീയവാദിയുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടില്ല. ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുകയുമില്ല.
കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനും അവരുടെ നയങ്ങൾക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീർഘമായ, മതേതര പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam