
തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജനങ്ങളും സമയക്രമം പാലിച്ച് തന്നെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തണമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വലിയ ജനത്തിരക്കാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സീനേഷൻ കേന്ദ്രത്തില്‍ ഇന്ന് ഉണ്ടായത്. പ്രായമായവരടക്കം ഏറെ നേരമായി വാക്സീനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവർക്കും ഇത് വരെ വാക്സീൻ കിട്ടിയിട്ടില്ല. തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സീനേഷൻ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളത്. തിരക്കിനിടയിൽ രണ്ട് പേർ കുഴഞ്ഞ് വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പതിനൊന്ന് മണിക്ക് വാക്സീൻ എടുക്കാൻ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതൽ വന്ന് ക്യൂ നിൽക്കുകയാണ്. ക്യൂവിൽ നിൽക്കുന്ന ഭൂരിഭാഗം ആളുകൾക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകൾ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം. തിക്കും തിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ഡിസിപി വൈഭവ് സക്സേന അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam