'കനേഡിയന്‍ ഏജന്‍സിക്ക് ഡാറ്റ കൈമാറിയിട്ടില്ല': വിശദീകരണവുമായി ആരോഗ്യമന്ത്രി

By Web TeamFirst Published Oct 28, 2020, 6:26 PM IST
Highlights

2013ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രാജീവ് സദാനന്ദൻ ആരോഗ്യ സെക്രട്ടറി ആയിരിക്കെയാണ് സമഗ്ര ആരോഗ്യ സര്‍വേ വിവരങ്ങൾ പിഎച്ച്ആർഐക്ക് കൈമാറൻ തീരുമാനിച്ചിരുന്നത്. 

കൊല്ലം: കനേഡിയൻ ഏജൻസിക്ക് ആരോഗ്യ സർവേ വിവരങ്ങള്‍  കൈമാറിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്നും അച്യുതമേനോൻ സെന്‍ററിനെ ആണ് വിവര ശേഖരണം ഏൽപ്പിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നടത്തുന്ന  കിരണ്‍ എന്ന സമഗ്ര ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിയായ പിഎച്ച്ആർഐക്ക് കൈമാറിയെന്ന് തെളിയിക്കുന്ന രേഖകള്‍ കാരാവൻ പുറത്തുവിട്ടിരുന്നു. മുൻ ആരോഗ്യസെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദനും പിഎച്ച്ആർഐ തലവൻ സലീം യൂസഫും തമ്മിലെ ഇ മെയിൽ സന്ദേശങ്ങളാണ് പുറത്ത് വന്നത്. 

2013ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രാജീവ് സദാനന്ദൻ ആരോഗ്യ സെക്രട്ടറി ആയിരിക്കെയാണ് സമഗ്ര ആരോഗ്യ സര്‍വേ വിവരങ്ങൾ പിഎച്ച്ആർഐക്ക് കൈമാറൻ തീരുമാനിച്ചിരുന്നത്. കോടികൾ വാങ്ങി ഡാറ്റാ വിൽക്കുന്നുവെന്ന ഇടത് പക്ഷത്തിന്‍റെ ആരോപണത്തെ തുടർന്നാണ് അന്ന് വിവരശേഖരണം നിർത്തിവെച്ചത്. അന്ന് എതിർത്ത എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ വിവാദ പദ്ധതി വീണ്ടും സജീവമായി. കേന്ദ്ര സർവ്വീസിലേക്ക് പോയ രാജീവ് സദാനന്ദൻ ഈ സർക്കാർ കാലത്ത് ആരോഗ്യസെക്രട്ടറി ആയതോടെയാണ് പദ്ധതി തുടങ്ങിയത്. പിഎച്ച്ആർഐയെ പങ്കാളിയാക്കാനുള്ള ശ്രമവും ആരംഭിച്ചത്. 

ജനങ്ങളുടെ ആരോഗ്യസംബന്ധമായ മുഴുവൻ വിവരങ്ങളാണ് സർവേ വഴി ശേഖരിക്കുന്നത്. കിരൺ സർവേയ്ക്കായി സോഫ്റ്റ് വെയർ നിർമ്മിച്ചതടക്കം സാങ്കേതിത സഹായം നൽകിയത് പിഎച്ച്ആർഐ ആണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. സർവേ 90 ശതമാനം പൂർത്തിയായെങ്കിലും ഡാറ്റാ വിശലകലനത്തിന് കേന്ദ്ര അനുമതി ഇതുവരെ കിട്ടിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. അനുമതി കിട്ടിയാൽ ബിഗ് ഡാറ്റ വിശകലനത്തിൽ വിദഗ്ധരായ പിഎച്ച്ആര്‍ഐയെ പങ്കാളിയാക്കാൻ നിര്‍ദേശം ഉണ്ടായിരുന്നതായും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


 

click me!