'വിമാനത്തിലേത് മുഖ്യമന്ത്രിക്കെതിരെ മുൻകൂട്ടി നടപ്പിലാക്കിയ ആക്രമണം', കോൺ​ഗ്രസിനെതിരെ കെ കെ ശൈലജ

Published : Jun 14, 2022, 09:43 AM ISTUpdated : Jun 14, 2022, 09:53 AM IST
'വിമാനത്തിലേത് മുഖ്യമന്ത്രിക്കെതിരെ മുൻകൂട്ടി നടപ്പിലാക്കിയ ആക്രമണം', കോൺ​ഗ്രസിനെതിരെ കെ കെ ശൈലജ

Synopsis

''നിലവിലെ ഇന്ത്യൻ എയർക്രാഫ്റ്റ് നിയമ പ്രകാരവും സിവിൽ ഏവിയേഷൻ റിക്വയർമെൻ്റ് പ്രകാരവും കടുത്ത ജയിൽ ശിക്ഷയും യാത്രാവിലക്കും ഒക്കെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉണ്ടായത്...''

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കുന്ന കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ അക്രമത്തെക്കാൾ അധഃമമാണ് ഈ അക്രമത്തെ ന്യായീകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. തീർത്തും മുൻകൂട്ടി നടപ്പിലാക്കിയ ഒരു അക്രമമാണ് ഇന്നലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായതെന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെയും പ്രതികരണത്തിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ അക്രമത്തെക്കാൾ അധഃമമാണ് ഈ അക്രമത്തെ ന്യായീകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം. തീർത്തും മുൻകൂട്ടി നടപ്പിലാക്കിയ ഒരു അക്രമമാണ് ഇന്നലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായതെന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെയും പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. നിലവിലെ ഇന്ത്യൻ എയർക്രാഫ്റ്റ് നിയമ പ്രകാരവും സിവിൽ ഏവിയേഷൻ റിക്വയർമെൻ്റ് പ്രകാരവും കടുത്ത ജയിൽ ശിക്ഷയും യാത്രാവിലക്കും ഒക്കെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉണ്ടായത്. ഈ അക്രമത്തെ അപലപിക്കുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. നാടിൻ്റെ ക്രമസമാധാനം തകർത്ത് ഭരണത്തെ അട്ടിമറിക്കാമെന്ന് വ്യാമോഹിക്കുന്ന ബിജെപി സംഘ പരിവാർ കേന്ദ്രങ്ങളുടെ തിരക്കഥയ്ക്ക് അനുസരിച്ച് ആടുന്ന ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിക്കരുത്. ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിൻ്റെ അന്തസ്. തന്ത്രപ്രധാന മേഖലകളിലുൾപ്പെടെ ഒറ്റതിരിഞ്ഞ് പ്രതിഷേധമെന്ന പേരിൽ കോൺഗ്രസ് കാണിക്കുന്നത് അക്രമ പ്രവർത്തനമാണ്. ഇത്തരം കലാപ ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് ചെറുത്ത് തോൽപ്പിക്കും.

Read More: വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക്; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ച് പിണറായി വിജയനടുത്തേക്ക് വന്ന പ്രവർത്തകരെ ഇടതുമുന്നണി കൺവീനറും മുൻമന്ത്രിയുമായ ഇ പി ജയരാജൻ തടഞ്ഞു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവർക്ക് നേരെ നടന്നെത്തിയ ഇപി ജയരാജൻ തള്ളിയിടുകയായിരുന്നു. 

മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം, നഗരസഭ ബിജെപി പിടിച്ചതിൽ ശശി തരൂർ; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം എന്നും പ്രതികരണം
തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി