
പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു?.
ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന്‍റെ തുടര്‍ നടപടികള്‍ക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കും. സുമേഷ് അച്ചുതന്‍റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതി നടത്തിയിട്ടില്ല. മാത്യു കുഴൽനാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോൺഗ്രസ് പാർട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാർട്ടി ഒന്നാകെയല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്നാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കിയത്. 2018ലെ സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് 2026 ലെ തെരഞ്ഞെടുപ്പിലാണ്. യുഡിഎഫിന്‍റെ ആരോപണം നനഞ്ഞ ബോംബ് പോലെ ആണെന്നും മാത്യു ടി തോമസ് ആക്ഷേപം ദുരുദ്ദേശപരമാണെന്നും മാത്യു ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫിന് വിഷയ ദാരിദ്ര്യമാണെന്നും മാത്യു ടി തോമസ് പരിഹസിച്ചു. പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയായിരുന്നു എന്നുമാണ് മാത്യു കുഴൽനാടന്‍റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam