കെ എം ഷാജി എംഎൽഎയുടെ വീട് പൊളിക്കണം, നോട്ടീസ് നൽകി കോഴിക്കോട് കോർപ്പറേഷൻ

By Web TeamFirst Published Oct 23, 2020, 2:18 PM IST
Highlights

കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് വീട് നിർമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കോഴിക്കോട് നഗരസഭയിലെ വേങ്ങേരി വില്ലേജിലുള്ള വീട് അടിയന്തരമായി പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കോഴിക്കോട്: കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകി കോഴിക്കോട് നഗരസഭ. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടി നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകി. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റ് നിർദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. പ്ലാനിൽ കാണിച്ചതിനേക്കാൾ വലിപ്പത്തിൽ വീട് പണിതിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻസിപ്പാലിറ്റി ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങൾക്കും വിരുദ്ധമായിട്ടാണ് 

3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തേ നിർദേശം നൽകിയിരുന്നത്. എന്നാൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടക്കണം. എന്നാൽ ഇത് ഒഴിവാക്കുന്നതിനായി രേഖകളിൽ 3000 സ്ക്വയർ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതൽ വലിപ്പത്തിൽ വീട് പണിയുകയും ചെയ്തു

അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി, മതിപ്പുവിലയും വിസ്തീർണവും വീടിന്‍റെ പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയിൽ നിന്ന് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥർ എത്തി അളന്നത്. നഗ്നമായ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കേരളാ മുൻസിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  

എന്നാൽ രേഖകളിലുള്ളതിന് വിരുദ്ധമായി നിർമാണം നടത്തിയതിനുള്ള പിഴയും നികുതിയും പിഴയും അടച്ചാൽ എംഎൽഎയ്ക്ക് വീട് പൊളിക്കുന്നത് ഒഴിവാക്കിക്കിട്ടിയേക്കാം.

click me!