
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നാണ് കെ എം ഷാജി പറഞ്ഞത്. വീണ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നത്. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ അതിര് വിട്ട പ്രതികരണം.
നിപയെ ഒരു സാധ്യതയായി മുഖ്യമന്ത്രിയും സിപിഎമ്മും കാണരുതെന്നും ഷാജി പറഞ്ഞു. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ലീഗ് നേതാവ് ചോദിച്ചു.
നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോർജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞു. അതേസമയം, വ്യാപക വിമര്‍ശനമാണ് കെ എം ഷാജിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ഒരു ആരോഗ്യ മന്ത്രിക്ക് എതിരെയെന്നല്ല, ഒരു സ്ത്രീയെ ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
ഇതിനിടെ, സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ച കേസിൽ പ്രതി അറസ്റ്റിലായിരുന്നു. 'കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ പ്രൊഫൈലിന് പിന്നിൽ പ്രവർത്തച്ച പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന സൈബര്‍ കോണ്‍ഗ്രസിനെ നിലക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam