'വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു'; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി

By Web TeamFirst Published Oct 23, 2020, 4:20 PM IST
Highlights

പിഴ അടച്ചും പുതുക്കിയ പ്ലാൻ സമർപ്പിച്ചും പൊളിക്കൽ നടപടിയിൽ നിന്ന് കെ എം ഷാജിക്ക് ഒഴിവാകാം. പക്ഷേ അഴീക്കോട് പ്ലസ് ടു കോഴ പരാതിയിൽ ഇഡിയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തിലുള്ള കോർപ്പറേഷന്‍റെ ഈ നീക്കം ഷാജിയ്ക്ക് തിരിച്ചടിയാണ്.
 

കോഴിക്കോട്: വീട് പൊളിക്കണമെന്ന കോര്‍പ്പറേഷന്‍റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു. കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ ആരോപണം. 

കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റണമെന്ന് കോർപ്പറേഷൻ നോട്ടീസ് നല്‍കി. കെ എം ഷാജിയുടെ ഭാര്യ കെ എം ആശയുടെ പേരിലാണ് മാലൂർക്കുന്നിലെ വീട്. ഷാജി കോഴ വാങ്ങിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപറേഷൻ നടത്തിയ പരിശോധനയിലാണ് കെട്ടിട നിർമ്മാണച്ചട്ടത്തിൽ ക്രമക്കേട് കണ്ടെത്തിയത്. 3000 ചതുരശ്ര അടി വരെ വീടിനായിരുന്നു അനുമതി. എന്നാൽ ഷാജി വീട് നിർമ്മിച്ചത് 5260 ചതുരശ്ര അടിയിലാണെന്ന് അളവെടുപ്പിൽ കണ്ടെത്തി.

കൂടാതെ രണ്ട് നിലയ്ക്കുള്ള അനുമതിയിൽ മൂന്ന് നില വീട് നിർമ്മിച്ചു. 3000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് ആഢംബര നികുതിയില്ല. കേരളാ മുൻസിപാലിറ്റി നിയമം 406, ഒന്ന് പ്രകാരമാണ് പൊളിച്ചുമാറ്റാനുള്ള കോർപ്പറേഷന്‍റെ നോട്ടീസ്. വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയവും നൽകിയിട്ടുണ്ട്. പിഴ അടച്ചും പുതുക്കിയ പ്ലാൻ സമർപ്പിച്ചും പൊളിക്കൽ നടപടിയിൽ നിന്ന് കെ എം ഷാജിക്ക് ഒഴിവാകാം. പക്ഷേ അഴീക്കോട് പ്ലസ് ടു കോഴ പരാതിയിൽ ഇഡിയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തിലുള്ള കോർപ്പറേഷന്‍റെ ഈ നീക്കം ഷാജിയ്ക്ക് തിരിച്ചടിയാണ്.

click me!