
കോഴിക്കോട്: ചെക്യാട്ടെ കൊവിഡ് പടർന്ന വിവാഹപാർട്ടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി വടകര എംപി കെ.മുരളീധരൻ. അടുപ്പമുള്ളവർ വിളിച്ചാൽ പോകേണ്ടി വരുമെന്നും ഇതൊഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ജനപ്രതിനിധികൾക്ക് രോഗവ്യാപന മേഖലയിൽ വരെ പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ചെക്യാട് മണ്ഡലം സെക്രട്ടറി അബൂബക്കറിൻ്റെ മകൻ്റെ വിവാഹത്തിനാണ് കെ.മുരളീധരൻ പങ്കെടുത്തത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണ്. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ശക്തമായ നടപടി എടുക്കണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം - ബിജെപി കൂട്ടുക്കെട്ട് നിലനിൽക്കുന്നു. പാലത്തായി കേസ് മുതൽ തിരുവനന്തപുരം സ്വർണക്കടത്ത് വരെ ഇതിനുള്ള ഉദാഹരണങ്ങളാണ്.
സ്വപ്നയ്ക്ക് വ്യാജ ഡിഗ്രിയാണോ എന്ന് പോലും അടുത്ത സുഹൃത്തായ ശിവശങ്കറിന് അറിയില്ലേ..? പിണറായി ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണം. പ്രതിപക്ഷം കൊവിഡ് പരത്തുന്നു എന്ന് ലോകത്തിൽ തന്നെ ആദ്യമായി പറയുന്ന വ്യക്തി കോടിയേരി ബാലകൃഷ്ണനാണ്.
സ്വന്തം സർക്കാരിൻ്റെ വീഴ്ച മറച്ചുവെക്കാനാണ് ഇത്തരത്തിൽ വിമർശനങ്ങൾ അദ്ദേഹം നടത്തുന്നത്. രണ്ടാഴ്ചയായി അടച്ചിട്ടിടും തലസ്ഥാനത്ത് കൊവിഡ് രോഗവ്യാപനമുണ്ടായത് സംസ്ഥാന സർക്കാരിൻ്റെ വീഴ്ച കൊണ്ടാണ്. മാസ്ക് ഇട്ട് സംസാരിച്ചാൽ കേൾക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാകുമെന്നും അതിനാലാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മാസ്ക് മാറ്റുന്നതെന്നും മുരളീധരൻ പറഞ്ഞു.
കൊവിഡ് ഇല്ലായിരുന്നെങ്കിൽ എൽഡിഎഫ് സോളാർ വിവാദ സമയത്ത് നടത്തിയ സമരത്തെക്കാളും ശക്തമായ സമരം യുഡിഎഫ് നടത്തുമായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് വളയാനാവില്ലല്ലോയെന്നും കെ.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam