സ്വർണക്കടത്ത് കേസ്: അന്വേഷണം വഴിമുട്ടുന്നതിന് കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കെ മുരളീധരൻ

By Web TeamFirst Published Aug 3, 2020, 10:47 AM IST
Highlights

സംസ്ഥാനത്ത് കൊവിഡ് പകരുന്നത് സർക്കാരിൻ്റെ വീഴ്ചയാണെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കോൺഗ്രസ് എതിരല്ലെന്നും കെ മുരളീധരന്‍.

കോഴിക്കോട്: സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടുന്നതിന് കാരണം സംസ്ഥാനത്തെ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കെ മുരളീധരൻ എംപി. ട്രക്ഷറി തട്ടിപ്പ് നടത്തിയ ബിജുലാലിന് സിപിഎം ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കാന്‍ അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് ആദ്യം ഏൽപ്പിച്ചതെന്നും  മുരളീധരന്‍ ആരോപിച്ചു. 

സംസ്ഥാനത്ത് കൊവിഡ് പകരുന്നത് സർക്കാരിൻ്റെ വീഴ്ചയാണെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കോൺഗ്രസ് എതിരല്ല. പള്ളി പൊളിച്ച് അമ്പലം പണിയുന്നതിൽ മാത്രമാണ് കോണ്‍ഗ്രസിന് എതിർപ്പുള്ളത്. കോൺഗ്രസിൻ്റെ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകൾ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് സിബിഐയും റോയും അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് മോചനമുണ്ടാക്കൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!