മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുന്നു: കെ.മുരളീധരൻ

By Web TeamFirst Published Jun 1, 2020, 2:01 PM IST
Highlights

ഗൾഫിൽ മരിച്ചവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പാളി പോയതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണ്. ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസില്ല. എന്നാൽ പ്രതിപക്ഷനേതാക്കൾക്കെതിരെ പൊലീസ് തെരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ക്വാറൻ്റൈൻ ലംഘനത്തിന് പ്രതിപക്ഷ നേതാവ് അടക്കുള്ളവർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ

കെ.മുരളീധരൻ്റെ വാക്കുകൾ - 

ഗൾഫിൽ മരിച്ചവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പാളി പോയതാണ്. സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള 7 ദിവസത്തെ ക്വാറന്റൈനിൽ പരിശോധന പോലും നടക്കുന്നില്ല. സർക്കാർ ക്വാറൻ്റൈൻ ഫലപ്രദമല്ല. വാർത്താ സമ്മേളനത്തിലെ വീമ്പ് പറച്ചിൽ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ഫലപ്രദമായ ചികിത്സ നൽകാത്തതിനാലാണ്. 

കൊറോണയെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും മത്സരിക്കുകയാണ് അതിനാലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട സ‍ർക്കാ‍ർ ഉള്ള സൗകര്യം പോലും റദ്ദ് ചെയ്യുകയാണ്. അതിനാലാണ് ട്രെയിനിൻ്റെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചത്. ട്രെയിനുകളുടെ നിലവിലെ സ്റ്റോപ്പുകൾ നില നിർത്തണം.

മദ്യം ലഭ്യമാക്കിയ സ‍ർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ വിമുഖത കാണിക്കുന്നു. പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ. ശബരിമലയിൽ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാൽ മതി. ഓൺലൈൻ ക്ലാസുകൾ അപ്രായോഗികമാണ്. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ സ്കൂൾ തുറന്നാൽ വീണ്ടും പഠിപ്പിക്കണം.‌

നിയമസഭ വി‍ർച്വൽ സഭ ആകാനുള്ള രീതി ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. വിർച്വൽ സഭയെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ല. കൊറോണയെ നേരിടുന്ന പ്രവർത്തനങ്ങളിൽ  പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ്സ് ഏർപ്പെടുത്തുന്നതിൽ വിരോധമില്ല എന്നാൽ പാസ് നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല. എസ്എസ്എൽസി -  പ്ലസ് ടു പരീക്ഷ കുട്ടികളെ വച്ചുള്ള ചൂതാട്ടമാണ്. രക്ഷിതാക്കളുടെ പ്രാർത്ഥന കൊണ്ടും വിദ്യാ‍ർത്ഥികളുടെ ഭാ​ഗ്യം കൊണ്ടും മാത്രമാണ് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടാവത്തത്.  
 

click me!