
കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ രംഗത്ത്. മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംകെ രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam