'എംപിമാർ ഓട് പൊളിച്ച് കയറി വന്നവരല്ല'; സല്യൂട്ട് വിവാദത്തിൽ നിലപാടറിയിച്ച് കെ മുരളീധരൻ

By Web TeamFirst Published Sep 21, 2021, 5:15 PM IST
Highlights

കേരള പൊലീസിൽ ഡിജിപിമാർക്കും എസ്‌പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ പിന്നെ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടെന്ന് അദ്ദേഹം ചോദിച്ചു

മലപ്പുറം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ എംപി. കേരള പൊലീസിൽ ഡിജിപിമാർക്കും എസ്‌പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ പിന്നെ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ട് എംപിമാർക്ക് അവകാശപ്പെട്ടതാണ്. എംപിമാർ ഓട് പൊളിച്ച് കയറി വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ സെമികേഡർ എന്തെന്ന് അറിയണമെങ്കിൽ പാർട്ടി ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തനിക്ക് സല്യൂട്ട് വേണ്ടെന്ന് വ്യക്തമാക്കി മറ്റൊരു കോൺഗ്രസ് എംപിയായ ടിഎൻ പ്രതാപൻ കത്ത് നൽകിയിരുന്നു. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അഭിവാദ്യം നല്‍കുന്നതും സാര്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കിയത്. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ''സാര്‍'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പത്തനാപുരം എംഎൽഎയും കേരള കോൺഗ്രസ് ബി ചെയർമാനുമായ കെബി ഗണേഷ് കുമാർ, സുരേഷ് ഗോപി എംപിക്ക് പിന്തുണ നൽകിയിരുന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാൻ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യൻ പാര്‍ലമെന്റംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാൻ പാടില്ലെന്നും ഗണേഷ് കുമാര്‍ നിലപാടെടുത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!