റിയാസിൻ്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി, 'ഇന്ന് മാത്രം കൺട്രോൾ റൂമിൽ 30 കോളിന് മറുപടി നൽകി'; നിപ സമ്പർക്ക പട്ടികയിലെ 3 പേരുടെ ഫലം നെഗറ്റീവ്

Published : Jun 13, 2026, 07:50 PM IST
MURALI RIYAS

Synopsis

കോഴിക്കോട് നിപ ആശങ്കയിൽ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും, കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിൻ്റെ ആരോപണത്തിനും ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്കയിൽ ആശ്വാസമായി പരിശോധന ഫലം. സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ 12 ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും ആരോഗ്യമന്ത്രി വിവരിച്ചു.

റിയാസിന് മറുപടി

കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുൻ മന്ത്രി മുഹമ്മദ് റിയാസ് എം എൽ എയുടെ ആരോപണത്തിനും കെ മുരളീധരൻ മറുപടി നൽകി. നിപ സമ്പർക്കപ്പടികയിൽ ഉൾപ്പെട്ട 76 പേരെ ഫോണിൽ വിളിച്ച് മാനസിക പിന്തുണ നൽകിയെന്നും ഇന്ന് കൺട്രോൾ റൂമിലേക്ക് വന്ന 30 ഫോൺ കോളുകൾക്ക് മറുപടി നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി റിയാസ് രംഗത്തെത്തിയത്

ആരോഗ്യമന്ത്രിയുടെ അറിയിപ്പ്

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തിയെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി. രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളേജിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകുന്നതായിരിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ൽ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയ 13 പേരെ ഉൾപ്പെടെ സമ്പർക്കപട്ടികയിൽ ഉള്ള 100 പേരെയും കണ്ട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയുണ്ടായി. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോൺ കോളുകൾ ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കൺട്രോൾ റൂമിൽ എത്തിയത്. ഇന്ന് ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 76 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ജില്ലയുടെ ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാളിയിട്ടില്ല, പാളാതെ പളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല', നിപ പ്രതിരോധത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി
'അവതാരങ്ങൾ' പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്'